കഴിഞ്ഞ ആഴ്ച എസ്കാസോയിൽ കൺസൽറ്റേഷന് വന്ന ഒരു 22 വയസ്സുള്ള പെൺകുട്ടി, പറഞ്ഞത് കഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ ഫ്രൂട്ട് ഡയറ്റ് ആണ് നോക്കിയിരുന്നത്. ഒന്നര വർഷം കൊണ്ട് ഞാൻ പത്തുകിലോ ശരീര ഭാരം കുറച്ചു. എന്നാൽ അത് നിർത്തി സാധാരണ ഭക്ഷണത്തിലേക്ക് വന്നപ്പോൾ രണ്ട് മാസം കൊണ്ട് ഞാൻ പതിനഞ്ചു കിലോ കൂടി. ഇപ്പോൾ ഈ കുട്ടിയ്ക്ക് രാവിലെ എഴുന്നേറ്റാൽ അസിഡിറ്റി കാരണം പുളിച്ച വെള്ളം ചർദ്ധിക്കും. പി.സി.ഓ.ഡി. വളരെ കൂടി. ബോഡി കോമ്പോസിഷൻ അനാലിസിസ് എടുത്തപ്പോൾ, സാധാരണ ഉണ്ടാകേണ്ടതിൽ വളരെ കുറവ് പേശികളുടെ ഭാരം. ഫാറ്റ് 47% ശതമാനം. ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഭാരം കുറയ്ക്കുന്നത്? നിങ്ങൾ ഭാരം കുറഞ്ഞപ്പോൾ ഏതു ഭാരമാണ് കുറഞ്ഞത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ? ? കൂടുതലുള്ള കൊഴുപ്പാണോ അതോ ശരീരത്തിനാവശ്യമായ പേശികളുടെ ഭാരമാണോ? എന്ത് കൊണ്ടാണ് നിങ്ങൾ ഒന്നര കൊല്ലം കൊണ്ട് കുറച്ച പത്തുകിലോ, രണ്ടു മാസം കൊണ്ട് പതിനഞ്ചു കിലോ കൂടിയത്? എന്ത് കൊണ്ടാണ് നിങ്ങൾക്ക് പി.സി.ഓ.ഡി.? എന്തുകൊണ്ട് ഇത്രയൂം അസിഡിറ്റി? ഒന്നിനും ആ കുട്ടിക്ക് ഉത്തരമില്ല. എസ്കാസോയിലും അവർ വന്നിരിക്കുന്നത് എങ്ങനെയെങ്കിലും കുറച്ചു ഭാരം കുറയുമോ എന്ന് വിചാരിച്ചിട്ടാണ്? അതിന് വേണ്ടി എന്തിനും അവർ തയ്യാറാണ്. പട്ടിണി കിടക്കണോ ? ഫ്രൂട്ട് മാത്രം കഴിക്കണോ? പൊടി കലക്കി കുടിക്കാണോ? എന്തിനും റെഡി. അതായത് നമ്മുടെ സാധാരണ ഭക്ഷണം കഴിക്കുക എന്നതൊഴിച്ച് എന്തും ചെയ്യും. ഇത് കൊണ്ടാണ് പലപ്പോഴും പലർക്കും ഡയറ്റുകൾ പിന്തുടരാൻ സാധിക്കാത്തത്. നല്ല ഭക്ഷണങ്ങൾ ഒഴിവാക്കി പൊടികളോ, ജ്യൂസുകളോ കഴിക്കുമ്പോൾ, അല്ലെങ്കിൽ ഫ്രൂട്ട് മാത്രം കഴിക്കുമ്പോൾ നിങ്ങൾ കുറയ്ക്കുന്നത് കൂടുതലും ആവശ്യമുള്ള പേശികളുടെ ഭാരമായിരിക്കും. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ശരീരം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ എല്ലാം മന്ദഗതിയിലാക്കും. ഉദാഹരണത്തിന്, ഭക്ഷണം കുറച്ചാൽ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് കുറയും, ഹൃദയത്തിന്റെ പ്രവർത്തനം കുറയും, രക്തയോട്ടം കുറയും, പേശികളുടെ പ്രവർത്തനക്ഷമത കുറയും, ശ്വാസകോശ പ്രവർത്തനം മന്ദഗതിയിലാകും, അതായത് ശരീരത്തിന്റെ എല്ലാ പ്രവർത്തനവും ശരീരം കുറയ്ക്കും. നമുക്ക് കൂടുതൽ ക്ഷീണമാകും. പേശികളിൽ നിന്ന് ഊർജ്ജം ശരീരം ഉപയോഗിക്കും. ഭക്ഷണം കുറയ്ക്കുന്നതുകൊണ്ട്, കിട്ടുന്നതിൽ നിന്ന് കൊഴുപ്പ് ശേഖരിച്ചു വച്ച് തുടങ്ങും. ശരീരത്തിൽ അധികമുള്ള കൊഴുപ്പിനെ വിട്ടുകൊടുക്കുകയുമില്ല. അതുകൊണ്ടാണ് പലരും പറയുന്നത്, ഞാൻ പട്ടിണി കിടക്കുംതോറും വണ്ണം കൂടുമെന്ന്. ഇത്തരം സാഹചര്യത്തിൽ ശരീരത്തിന് അധികം മുൻപോട്ട് പോകാൻ സാധിക്കില്ല. അവിടെ ഭക്ഷണത്തോടുള്ള ആസക്തി കൂടുന്നു. അല്പദിവസം ഭക്ഷണം കുറച്ചോ, പൊടി കലക്കിയോ, ഫ്രൂട്ട് മാത്രം കഴിച്ച് പിടിച്ചു നിന്ന നിങ്ങൾ എല്ലാം അവസാനിപ്പിച്ചു ആദ്യത്തേക്കാൾ കൂടുതൽ ഭക്ഷണം വാരി വലിച്ചു കഴിക്കുകയും, ആദ്യത്തെക്കാൾ കൂടുതൽ വണ്ണം വയ്ക്കുകയും ചെയ്യും. മാത്രമല്ല നമ്മുടെ ഹോർമോൺ പ്രവർത്തനങ്ങൾ, രക്തത്തിലെ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അളവുകൾ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുകയും അതുമൂലം പല അസുഖങ്ങൾ ആരംഭിക്കുകയും ചെയ്യും.
top of page
bottom of page
Comments