top of page
Writer's pictureGrinto Davy

മോശം ഭക്ഷണശീലത്തെ ഓടി തോല്പിക്കാൻ സാധിക്കുമോ?

അമിത വണ്ണമുള്ളവരോട് സാധാരണയായി ആളുകൾ കൊടുക്കുന്ന ആദ്യത്തെ ഉപദേശമാണ്, വ്യായാമം ചെയ്യണം, ഓടാൻ പോകണം എന്നെല്ലാം. പറയുന്നവർക്ക് വളരെ എളുപ്പമുള്ളതും, കേൾക്കുന്നവർക്ക് ബുദ്ധിമുട്ടുള്ളതും അമിതഭാരമുള്ളവർക്ക് ചെയ്യുവാൻ പ്രയാസമുള്ളതുമാണ് ഈ കാര്യം. പലരുടെയും ധാരണ, വ്യായാമം കുറഞ്ഞതുകൊണ്ടുണ്ടാകുന്നതോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചത് കൊണ്ടുണ്ടാകുന്നതാണ് അമിതവണ്ണം എന്നതാണ്. അമിതവണ്ണമുള്ളവരിൽ ഭൂരിഭാഗവും ഭക്ഷണം കുറച്ച് കഴിക്കുന്നവരും, വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ അമിതവണ്ണം എന്ന അസുഖം മൂലം അവർക്ക് വ്യായാമങ്ങൾ ചെയ്യുവാൻ സാധിക്കാതെ വരുന്നു.

അമിതവണ്ണം കുറയ്ക്കാൻ വേണ്ടി കഠിനമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണോ? മണിക്കൂറുകളോളം ട്രെഡ്മില്ലിലോ, പുറത്തോ ഓടുകയാണോ? കൂടുതൽ വ്യായാമം ചെയ്താൽ കൂടുതൽ കലോറി ശരീരത്തിൽ നിന്ന് പോയി അമിതവണ്ണം കുറയുമെന്ന് വിശ്വസിക്കുന്നുണ്ടോ? വ്യായാമം കുറഞ്ഞു പോയതുകൊണ്ടാണ് അമിതവണ്ണം വന്നത് എന്ന് വിശ്വസിക്കുന്നുണ്ടോ? എല്ലാവരും അങ്ങിനെയാണ് നമ്മളോട് പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നത്. വ്യായാമം കുറഞ്ഞത് കൊണ്ടും ഭക്ഷണം കഴിച്ചത് കൊണ്ടാണ് അമിതവണ്ണം ഉണ്ടാകുന്നത് എന്ന് നമ്മൾ വിശ്വസിക്കുന്നു. അമിതവണ്ണമുള്ളവരോട് കൂടുതൽ ഓടാനും, കുറച്ചു കഴിക്കുവാനും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു.


വ്യായാമങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തു വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് ചോദിച്ചാൽ അവർ പറയും അത് എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന്. കഠിനമായ വ്യായാമങ്ങൾ ചെയ്ത് ഭാരം അല്പം കുറഞ്ഞവർ വ്യായാമങ്ങൾ നിർത്തുമ്പോൾ വീണ്ടും ഭാരം കൂടി എന്ന് പറയുന്നതും കേൾക്കാം. വ്യായാമങ്ങൾ മാത്രം ചെയ്ത് ഭാരം കുറയുമോ? ഭക്ഷണശീലങ്ങൾ ശരിയല്ലെങ്കിൽ എന്ത് സംഭവിക്കും? പലരും പറയും ഞാൻ നന്നായി വ്യായാമങ്ങൾ ചെയ്തിരുന്ന വ്യക്തിയായിരുന്നു. വ്യായാമം ചെയ്തിരുന്നപ്പോൾ എന്റെ ഭാരം സാധാരണ പോലെ ആയിരുന്നു. വ്യായാമം നിർത്തിയപ്പോൾ വണ്ണം കൂടി. എന്താണിതിനർത്ഥം? ഭക്ഷണരീതികൾ ശരിയല്ല എന്നതുതന്നെ. ഇനി ഭക്ഷണം ശരിയാകാതെ വ്യായാമങ്ങൾ മാത്രം ചെയ്ത് ഭാരം കുറയുമ്പോൾ കുറയുന്നത് പേശികളുടെ ഭാരമാണോ എന്ന് ശ്രദ്ധിക്കണം. കുറയേണ്ടത് അമിതമുള്ള കൊഴുപ്പിൽ നിന്നാകണം.


ഒരു ഓർത്തോപീഡിക് ഫിസിയോതെറാപിസ്റ്റ് എന്ന നിലയ്ക്ക് അമിതവണ്ണമുള്ളവരോട് കഠിനമായ വ്യായാമങ്ങൾ ഞാൻ നിർദ്ദേശിക്കില്ല. അത് അവരുടെ സന്ധികളുടെ പ്രവർത്തനത്തെ ബാധിക്കും. കാരണം നിങ്ങൾ 10 കിലോ ഭാരം കൂടുതൽ ഉള്ള ആളാണെങ്കിൽ ഏകദേശം 20 - 30 കിലോയോളം സമ്മർദ്ദം നിങ്ങളുടെ കാൽമുട്ടിനുണ്ടാകും, മാത്രമല്ല, 50-60 കിലോ സമ്മർദ്ദം നിങ്ങളുടെ അരകെട്ടിനും. നിങ്ങൾ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഈ സമ്മർദ്ദം കൂടി സഹിച്ചിട്ടാണെന്ന് ഓർക്കണം. സാധാരണ ഭാരമുള്ള ഒരാൾ ചെയ്യുന്ന വ്യായാമങ്ങൾ കൂടുതൽ ഭാരമുള്ളവർക്ക് ചെയ്യുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് സാരം.


എന്ത് കൊണ്ടാണിത് സംഭവിക്കുന്നത്?


ശരീരത്തിൽ കൊഴുപ്പ് കൂടുന്നത് വ്യായാമങ്ങൾ കുറഞ്ഞത് കൊണ്ടോ അല്ലെങ്കിൽ ആക്ടിവിറ്റികൾ കുറഞ്ഞത് കൊണ്ടോ അല്ല എന്ന് ആദ്യം മനസ്സിലാക്കുക. ശരീരം കൊഴുപ്പ് ശരീരത്തിൽ ശേഖരിക്കുന്നത് പലവിധത്തിലുള്ള ഹോർമോണുകളുടെ താളം തെറ്റലുകൾ കൊണ്ടാണ്. ആ താളം തെറ്റലുകൾ നിങ്ങളുടെ ഭക്ഷണശീലങ്ങളെയും, സ്ട്രെസ്സ്, ഉറക്കം എന്നിവയെയും ആശ്രയിച്ചുമായിരിക്കുന്നത്. ശരിയായ രീതിയിൽ, സമയങ്ങളിൽ, നല്ല ഭക്ഷണം കഴിക്കാത്തത്, ശരിയായ ഉറക്കം നല്ല ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാത്തത്, അമിതമായ സ്ട്രെസ്സ്, മാനസിക പ്രശ്നങ്ങൾ, വിഷാദരോഗങ്ങൾ എന്നിവ ഇതിന് കാരണമാണ്.

ആദ്യം എന്തുകൊണ്ട് ശരീരഭാരം കൂടുന്നു എന്ന് മനസ്സിലാക്കണം. അത് ഞാൻ മുൻപുള്ള പല ബ്ലോഗുകളിലും വിശദീകരിച്ചിട്ടുണ്ട്. അതിനുശേഷം ആ കാരണങ്ങൾ തിരുത്തുന്നതിനുള്ള ഭക്ഷണശീലങ്ങൾ, ജീവിതശൈലികൾ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരണം. അത് ആരെങ്കിലും നോക്കിയ ഡയറ്റ് പരീക്ഷിക്കലോ, ഇന്റർനെറ്റ് നോക്കി ഭാരം കുറയ്ക്കലോ അല്ല. ആവശ്യമായ രക്തപരിശോധനകളൊക്കെ നടത്തി, ശരീരത്തെ വ്യക്തമായി വിശകലനം ചെയ്ത് മാത്രമേ ഏത് ഡയറ്റും പരീക്ഷിക്കാവൂ. അങ്ങനെ ഒരു 10 ശതമാനമെങ്കിലും ശരീരത്തിന്റെ കൊഴുപ്പിൽ നിന്ന് ഭാരം കുറച്ചാൽ പിന്നീട് അല്പാല്പമായി നിങ്ങൾക്ക് സാധിക്കുന്ന വ്യായാമങ്ങൾ ചെയ്യാം. നിങ്ങൾക്ക് സാധിക്കുന്നത് മാത്രം. കഠിനമായി വ്യായാമങ്ങൾ ചെയ്യണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.


ഓൺലൈനിലും മറ്റും വരുന്ന, അമിതവണ്ണമില്ലാത്തവരും അസുഖങ്ങൾ ഇല്ലാത്തവരും ആരോഗ്യമുള്ളവരും ചെയ്യുന്ന വ്യായാമങ്ങൾ കണ്ട് അത് മാത്രമാണ് വണ്ണം കുറയ്ക്കാൻ ഏക മാർഗ്ഗം എന്ന് വിശ്വസിച്ച്, എന്റെ വണ്ണമൊന്നും കുറയ്ക്കാൻ സാധിക്കുകയില്ല എന്ന് വിചാരിച്ച് രോഗങ്ങളുമായി, വേദനകളുമായി മുന്നോട്ട് പോകുന്നവരുണ്ട്. അവരോട് ഒരു കാര്യം പറയട്ടെ, നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള വ്യായാമങ്ങളും ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും ഒരു പ്രശ്നവുമില്ല! നല്ല ഭക്ഷണശീലങ്ങളിലൂടെ തന്നെ നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ സാധിക്കും. വണ്ണം കുറയ്ക്കുക എന്നത് കഷ്ടപാടുള്ള കാര്യമൊന്നുമല്ല. ശരീരത്തെ ശിക്ഷിക്കലല്ല, മറിച്ച് രക്ഷിക്കാനാണ് നിങ്ങൾ അമിതവണ്ണം കുറയ്ക്കുന്നത്.

ശരീരത്തിന്റെ പ്രവർത്തനം നടക്കുന്നത് ഓടുമ്പോഴും നടക്കുമ്പോഴും മറ്റ് വ്യായാമങ്ങൾ ചെയ്യുമ്പോഴും മാത്രമല്ല. വെറുതെ ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ശരീരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. മാത്രമല്ല വ്യായാമങ്ങളിലൂടെ പുറത്തു പോകുന്നതിനേക്കാളും കലോറി ഈ വിധത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് പുറത്തുപോകുന്നു. അതാണ് BMR - ബേസൽ മെറ്റബോളിക് റേറ്റ് - അതാണ് ദൈവം തന്ന ശരീരത്തിന്റെ കഴിവ്. എന്നാൽ അതിന്റെ ശരിയായ ഗുണം ശരീരത്തിന് ലഭിക്കണമെങ്കിൽ ഭക്ഷണശീലം ശരിയാകണം. ഇനി വ്യായാമങ്ങൾ ചെയ്യണമെങ്കിൽ തന്നെ മുകളിൽ സൂചിപ്പിച്ച അസുഖങ്ങളോ ചലനശേഷി കുറവോ, അമിതവണ്ണമോ ഉണ്ടെങ്കിൽ ശരീരഭാരം 10 ശതമാനം കുറച്ചാൽ മാത്രമേ കുറച്ചുകൂടി നല്ല രീതിയിൽ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുവാനും, ചെറിയ രീതിയിൽ വ്യായാമങ്ങൾ ചെയ്യുവാനും സാധിക്കുകയുള്ളു. പഠനങ്ങൾ പറയുന്നത് 10 ശതമാനമെങ്കിലും അമിതവണ്ണം കുറഞ്ഞാൽ തന്നെ വളരെയധികം നല്ല മാറ്റങ്ങൾ അവരുടെ ശരീരത്തിൽ സംഭവിക്കുമെന്നാണ്.


ഇവിടെ ശ്രദ്ധിക്കേണ്ടത്, എങ്ങനെയെങ്കിലും ശരീരഭാരം കുറയുമ്പോഴല്ല ഈ നല്ല മാറ്റങ്ങൾ സംഭവിക്കുന്നത് മറിച്ച്, നല്ല ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട്, ശരീരത്തിന്റെ യഥാർത്ഥ പ്രവർത്തനങ്ങൾ ഉത്തേജിപ്പിച്ച് ഭാരം കുറയ്ക്കുമ്പോൾ മാത്രമേ ഇത്. സംഭവിക്കുകയുള്ളൂ. എന്നാൽ പട്ടിണി കിടന്നോ, ഭക്ഷണം കുറച്ചോ, അമിതവണ്ണം കുറയ്ക്കാൻ ശ്രമിച്ചാൽ, അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുന്നു.

വ്യായാമങ്ങൾ മോശമാണെന്നോ വെറുതെയാണെന്നോ ആവശ്യമില്ലെന്നോ ഇതിനർത്ഥമില്ല. അങ്ങിനെ തെറ്റിദ്ധരിക്കുകയും ചെയ്യരുത്. വ്യായാമങ്ങൾ ശരീരത്തിന്റെ പ്രവർത്തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. എന്നാൽ അമിതവണ്ണം കുറയ്ക്കുന്നതിനല്ല.

വ്യായാമങ്ങൾ എല്ലാം നല്ലതാണ്. പ്രത്യേകിച്ച് strength training, High Intensity Interval Training (HIIT) എന്നിവയെല്ലാം നിങ്ങളുടെ പേശികളുടെ ഭാരവും ബലവും മികച്ചതാക്കാൻ സഹായിക്കും. നല്ലൊരു ശരീരഘടന നിലനിർത്തുവാനും വ്യായാമങ്ങൾ വേണം. നിങ്ങളുടെ ആകമാനമുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായമാകുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ ബലവും ബാലൻസും, എല്ലാം നിലനിർത്തുവാനും വ്യായാമങ്ങൾ ആവശ്യമാണ്. ഇതിനായി മണിക്കൂറുകളോളം വ്യായാമങ്ങൾ ചെയ്യേണ്ടതില്ലെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ മൂന്നോ നാലോ ദിവസം അരമണിക്കൂർ മാത്രം വ്യായാമങ്ങൾ ചെയ്താൽ തന്നെ ഈ പറഞ്ഞ ഫലങ്ങൾ എല്ലാം നിങ്ങൾക്ക് ലഭിക്കും.





എന്നാൽ ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുവാൻ പലപ്പോഴും ആഗ്രഹവും മോട്ടിവേഷനും വിൽപവറും മാത്രം പോരാ. അത് ചെയ്യുവാനുള്ള ആരോഗ്യം കൂടി വേണം. ഞാൻ ഈ പറയുന്നത് നല്ല ആരോഗ്യമുള്ള, സാധാരണ ശരീര ഭാരം നിലനിർത്തുന്ന ആളുകളുടെ കാര്യമല്ല. കാരണം അസുഖങ്ങൾ ഉള്ളവരോടും അമിതവണ്ണമുള്ളവരോടുമാണ് നിർബന്ധമായും വ്യായാമം ചെയ്യണം വണ്ണം കുറയ്ക്കണം എന്നൊക്കെ പറയുന്നത്. അവർക്കാണെങ്കിൽ വ്യായാമം ചെയ്യുവാൻ പോയിട്ട് അല്പം നടക്കാൻ പോലും സാധിക്കാത്തവരായിരിക്കാം. കാൽമുട്ട് വേദനയുള്ളവർ, പ്രായം കൂടിയവർ, മറ്റ് സന്ധിവേദനകളോ (Joint Pain -Knee pain, back pain, hip pain, heel pain, Arthritis) അസുഖങ്ങളോ മൂലം ചലനശേഷി കുറഞ്ഞവർ, അമിതമായി വണ്ണമുള്ളവർ (Obese), ശ്വാസം മുട്ടുള്ളവർ (Breathing difficulties, Asthma), ഒരു വശം തളർന്നവർ (Stroke), ഹൃദ്രോഗമുള്ളവർ (Cardiac Diseases), ഇങ്ങനെയുള്ളവരോട് മോട്ടിവേഷൻ വേണം, വിൽപവർ വേണമെന്നൊക്കെ പ്രസംഗിച്ചാൽ വല്ലതും നടക്കുമോ? ഇവർക്കുള്ള വ്യായാമങ്ങൾ വ്യസ്തസ്ഥമാണെന്ന് ഓർക്കണം. അതെല്ലാം ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാത്രം ചെയ്യണ്ട കാര്യങ്ങളാണ്.


അപ്പോൾ അതിനുള്ള ഒരു മാർഗ്ഗം കണ്ടുപിടിക്കണം അതാണ് എസ്കാസോ ചെയ്തത്. എസ്കാസോയിൽ വരുന്നവരിൽ ഏറ്റവും കൂടിയ പ്രായം 81 വയസ്സാണ്. വേറൊരു 'അമ്മ വരുന്നത്, ഒരു വശം തളർന്നിട്ടാണ് (Stroke). ഇവരോടൊക്കെ ഡോക്ടർമാർ പറഞ്ഞത്, സുഖകരമായി നടക്കണമെങ്കിൽ, അമിതവണ്ണം കുറയ്ക്കണമെന്നാണ്. ഇവരൊന്നും ഭംഗിയാകാൻ വേണ്ടിയല്ല വരുന്നത്. അവരുടെ ദൈനംദിന കാര്യങ്ങളെങ്കിലും തടസ്സമില്ലാതെ ചെയ്യുവാൻ അവർക്ക് സാധിക്കണം. അതാണ് അവരുടെ ആഗ്രഹം. ഇങ്ങനെയുള്ളവരോട് ഓടണം, ഭാരം എടുക്കണം, എന്നൊക്കെ പറഞ്ഞാൽ അവർക്കത് സാധിക്കുമോ?


ഞാൻ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് മടങ്ങി വരാം. അതായത്, വ്യായാമങ്ങൾ ചെയ്യുവാൻ സാധിക്കുന്നവർക്കും സാധിക്കാത്തവർക്കും ആദ്യം അവരുടെ ഭക്ഷണരീതികളിൽ മാറ്റം വരുത്തണം. അവരുടെ ഭക്ഷണ സമയങ്ങൾ, ഭക്ഷണത്തിന്റെ അളവുകൾ, ഗുണനിലവാരം, ഭക്ഷണങ്ങളുടെ സന്തുലിതാവസ്ഥ എന്നിവയിൽ കാതലായ മാറ്റങ്ങൾ വരുത്തണം. ഭക്ഷണത്തിന്റെ അളവുകൾ സ്വയം കണ്ടുപിടിക്കാൻ ഇവർ മനസ്സിലാക്കണം. ഇത്തരം രീതികളിലൂടെ, വ്യായാമങ്ങൾ ഇല്ലാതെ തന്നെ അമിതഭാരം കുറച്ചുകൊണ്ടുവരാൻ എസ്കാസോ പഠിപ്പിക്കുന്നു. ഇതിനായി നിങ്ങളുടെ ശരീരത്തെ നിങ്ങൾ വിശ്വസിക്കണം. നല്ല ഭക്ഷണങ്ങളുടെ പ്രാധാന്യത്തെ പറ്റി മനസ്സിലാക്കണം.


അതെ! നല്ല ഭക്ഷണരീതികളിലൂടെ മാത്രം അമിതവണ്ണം കുറയ്ക്കാം. നിങ്ങൾ ഓടുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ശരീരം ചെയ്യുന്നുണ്ട്. അതിന് ധാരാളം ഊർജ്ജം ഉപയോഗിക്കുന്നുമുണ്ട്. അതിനെകുറിച്ച് എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രവർത്തന രഹസ്യം അതിശയകരമാണ്. അതിൽ വിശ്വസിക്കാൻ സാധിക്കണം.


ഇങ്ങനെ ശരീരഭാരം കുറച്ചാൽ പിന്നീട് നിങ്ങൾക്ക് സാധിക്കുന്ന വ്യായാമം അല്പാല്പമായി ചെയ്തുതുടങ്ങാവുന്നതാണ്. ആദ്യത്തേതിനേക്കാൾ സുഖകരമായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും. ഭാരം കുറഞ്ഞാലും വ്യായാമങ്ങൾ ചെയ്യുവാൻ സാധിക്കാത്തവരുണ്ട്. ഭിന്ന ശേഷിക്കാർ, ഒരു വശം ചലനശേഷി നഷ്ടപ്പെട്ടവർ, പോളിയോ പോലുള്ള അസുഖങ്ങൾ ഉള്ളവർ, പ്രായമായവർ. ഇവർക്കായി എസ്കാസോയിൽ മയോ സ്റ്റിമുലേഷൻ എന്ന പ്രോഗ്രാമുകൾ ചെയ്യുന്നു. വ്യായാമങ്ങൾ ചെയ്യുമ്പോൾ എന്തെല്ലാം ശരീരത്തിൽ സംഭവിക്കുന്നു, അതെല്ലാം മയോ സ്റ്റിമുലേഷൻസിലും ശരീരത്തിൽ നടക്കുന്നു. ലോകം മുഴുവൻ കായികതാരങ്ങൾക്കും മറ്റും ഇതുപയോഗിക്കുന്നു. കൂടുതൽ വ്യായാമങ്ങൾ ചെയ്യുന്നതുമൂലമുള്ള ക്ഷീണമോ, പേശി വേദനകളോ, പേശി വലിവോ, ഒന്നും തന്നെ മയോ സ്റ്റിമുലേഷൻസ് ചെയ്യുമ്പോൾ ഉണ്ടാകുന്നില്ല. എന്നാൽ ഒരു എയറോബിക് വ്യായാമത്തിൽ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഇതുമൂലം ശരീരത്തിന് ലഭിക്കുകയും ചെയ്യും. ഇത്, അമിതവണ്ണമുള്ളവർക്കും, ഭിന്നശേഷിക്കാർക്കും, മറ്റുവിധത്തിലുള്ള ഏത് അസുഖങ്ങൾ ഉള്ളവർക്കും ചെയ്യാവുന്നതാണ്.


ശ്രദ്ധിക്കുക. നിങ്ങൾ എന്ത് ചെയ്താലും, ഭക്ഷണരീതികളാണ് ഏറ്റവും പ്രധാനം. അത് ശരിയാകാതെ നിങ്ങൾ എത്ര കഷ്ടപെട്ടാലും കാര്യമില്ല എന്ന് മനസിലാക്കുക. ഭക്ഷണശീലം ശരിയാക്കുക എന്നത് യാതൊരുവിധ കഷ്ടപ്പാടുമില്ലാത്ത കാര്യവുമാണെന്ന് ഓർക്കുക.


എസ്കാസോയിൽ പ്രോഗ്രാം ചെയ്യുന്നവർ യാതൊരു വ്യായാമങ്ങളും ചെയ്യാതെ ഭക്ഷണരീതിയിൽ നല്ല മാറ്റങ്ങൾ വരുത്തി ശരീരഭാരം കുറയ്ക്കുന്നു. നന്നായി ഭാരം കുറഞ്ഞവർ അവരുടെ ആരോഗ്യവും, ബലവും നിലനിർത്തുന്നതിന് അവർക്ക് കഴിയാവുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നു.

വ്യായാമങ്ങൾ ചെയ്യുവാനുള്ള മോട്ടിവേഷനും വിൽപവറും കൊടുക്കുന്നതിന് മുൻപ്, നല്ല ഭക്ഷണങ്ങൾ കഴിക്കുവാൻ പ്രോത്സാഹിപ്പിക്കുക. ഭക്ഷണം കഴിക്കുവാൻ സമയമുണ്ടാക്കുക. കുടുംബത്തിൽ എല്ലാവരും സമയത്തിന് ഭക്ഷണം കഴിക്കാൻ പരസ്പരം നിർബന്ധിക്കുക. നല്ല ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുക്കുവാൻ മത്സരിക്കുക. നിങ്ങളുടെ അമിതവണ്ണം കുറച്ചാൽ ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങൾ നല്ല രീതിയിലാക്കിയാൽ, ഓടാനും, ചാടാനും വ്യായാമങ്ങൾ ചെയ്യുവാനുമുള്ള താല്പര്യവും ഊർജ്ജവും സ്വാഭാവികമായും നിങ്ങൾക്ക് ലഭിക്കും എന്ന് മനസിലാക്കുക. അല്ലാതെ ഒരു വ്യക്തി മടിയനായതുകൊണ്ടല്ല അമിതമായി വണ്ണം വയ്ക്കുന്നത്.



നല്ല ആരോഗ്യം നേരുന്നു


ഗ്രിന്റോ ഡേവി ചിറകേക്കാരൻ

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach

Author - ESCASO CODE


Resources:


എസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.


ഓൺലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യുന്നതിന് www.realweightlossdiet.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


എസ്കാസോ കോഡ് എന്ന പുസ്തകം നിങ്ങൾക്ക് എല്ലാ ഓൺലൈൻ ബുക്ക് സ്റ്റോറിൽ നിന്നും ലഭ്യമാണ്.

FaceBook: @escasoclub

Instagram: @escasoclub

Youtube: @grintodavy

Twitter: @smartphysio








Comments


Post: Blog2_Post
bottom of page