top of page

അമിതവയറും മെഡിക്കൽ ടെക്നോളോജികളും

മൂന്ന് നാല് കൊല്ലം മുൻപ് 45 വയസുള്ള ഒരു വ്യക്തി, വയർ കുറച്ചു തരണമെന്ന ആവശ്യവുമായി എന്റെ അടുത്ത് വന്നു. എല്ലാവരുടെയും പോലെ അദ്ദേഹത്തിന്റെ ബോഡി കോമ്പോസിഷൻ അനാലിസിസ് ഞങ്ങൾ ചെയ്തു. കൊഴുപ്പ് 29 ശതമാനവും (normal upto 22% for males) വിസറൽ ഫാറ്റ് 13 ലെവലും ആയിരുന്നു (10 നു താഴെ നിർത്തുന്നത് നല്ലത്). അദ്ദേഹത്തിന് നമ്മൊളൊക്കെ സ്ഥിരം പറയുന്ന പോലെ ഡയബെറ്റിസ് ബോർഡറിൽ ആയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വയർ ചാടുന്നതിന്റെ യഥാർത്ഥ കാരണം പറഞ്ഞു മനസ്സിലാക്കി. ഭക്ഷണരീതികൾ വളരെ മോശമായിരുന്നു. ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് സമയം കിട്ടാറില്ല. ജോലിത്തിരക്കുകൾ കാരണം മാറ്റിവച്ചിരുന്നത് ഭക്ഷണമായിരുന്നു. എന്നിട്ട് രാത്രി വളരെ വൈകി കൂടുതലിരുന്ന് കഴിക്കും. ഇതുമൂലം ഇൻസുലിൻ റെസിസ്റ്റൻസ് കൂടുമെന്നും, അങ്ങനെയാണ് വിസറൽ ഫാറ്റ് കൂടുന്നതെന്നും, ഷുഗർ ലെവലുകൾ ബോർഡറിൽ എത്തുന്നതെന്നും പറഞ്ഞു മനസ്സിലാക്കി. ഇവിടെ ഭക്ഷണക്രമം ശരിയാക്കിയാൽ മാത്രമേ വിസറൽ ഫാറ്റ് കുറയുകയുള്ളു എന്നതും പ്രമേഹം വരാതിരിക്കുകയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭക്ഷണക്രമം ശരിയാക്കാനൊന്നും സാധിക്കില്ല. എങ്ങിനെയെങ്കിലും വയർ കുറയ്ക്കണം. കൂൾസ്കൾ പ്റ്റിംഗ്, ലിപോസക്ഷൻ എന്നിവയെകുറിച്ചെല്ലാം ചോദിച്ചു. ഇതെല്ലാം ചർമ്മത്തിന് തൊട്ടു താഴെയുള്ള കൊഴുപ്പിനെ കുറയ്ക്കാൻ മാത്രമാണെന്നും, അതുകൊണ്ട് വിസറൽ ഫാറ്റ് കുറയ്ക്കാൻ സാധിക്കുകയില്ലെന്നും വിശദീകരിച്ചു. മാത്രമല്ല, ലിപോസക്ഷനും കൂൾസ്കൾപ്റ്റിംഗും ചെയ്താലും ഭക്ഷണക്രമം ശരിയാക്കിയില്ലെങ്കിൽ വിസറൽ ഫാറ്റ് കൂടുകയും, പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ ആരംഭിക്കുകയും ചെയ്യുമെന്നും പറഞ്ഞു. പക്ഷെ അതൊന്നും അദ്ദേഹത്തെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമല്ല. എങ്ങനെയെങ്കിലും വയർ കുറയ്ക്കണം. അദ്ദേഹം ഇറങ്ങി. പിന്നീട് രണ്ടു മൂന്ന് മാസം കഴിഞ്ഞു, എന്റെ അടുത്ത് വന്നപ്പോൾ വയർ കുറച്ചിട്ടുണ്ട്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ ഫാറ്റ് വലിച്ചെടുത്തു കളഞ്ഞു. ഓപ്പറേഷൻ ആയിരുന്നു. ഇപ്പൊ ഷർട്ട് ഇടുമ്പോളൊക്കെ ഒരു ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.


ഇക്കഴിഞ്ഞ ആഴ്ച, നാല് വർഷത്തിന് ശേഷം ഇദ്ദേഹം എന്നെ കാണാൻ വന്നു. കൺസൽറ്റേഷൻ ബുക്ക് ചെയ്തിട്ടാണ് വന്നിരിക്കുന്നത്. ആദ്യം വന്നപ്പോൾ ബോഡി കോമ്പോസിഷൻ എടുക്കാൻ തന്നെ താല്പര്യമില്ലാതിരുന്ന വ്യക്തി, വന്നപ്പോൾ തന്നെ അനാലിസിസ് എടുത്ത് റെഡിയായിരിക്കുന്നു. ആളെ കണ്ടപ്പോൾ എന്നിക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. കാരണം അത്രമേൽ ശരീരഭാരം കൂടിയിരിക്കുന്നു. മേൽ വയർ മുന്നിലോട്ട് വളരെയധികം തള്ളിയിരിക്കുന്നു. ബോഡി കോമ്പോസിഷനിൽ, വിസറൽ ഫാറ്റ് 24 ആണ് കാണിക്കുന്നത്. ഇപ്പോൾ ഫാറ്റി ലിവറും, അമിത സമ്മർദ്ദവും പ്രമേഹവും. നാലു കൊല്ലം കൊണ്ട് ഉണ്ടായ മാറ്റമാണിത്. ഇപ്രാവശ്യം എന്നോട് പറഞ്ഞത്, വയർ എങ്ങനെയെങ്കിലും കുറയ്ക്കണമെന്നല്ല, മറിച്ച് അസുഖങ്ങളിൽ മാറ്റം വരണം. എന്നതാണ്.അത്രമേൽ ആരോഗ്യപരമായി ക്ഷീണിതനായിരുന്നു.

ഞാൻ ചോദിച്ചു, ഇത്ര നാൾ എന്ത് ചെയ്തു? രണ്ടു പ്രാവശ്യം ലിപോസക്ഷൻ ചെയ്തു. അല്പം വയർ കുറയും. എന്നാൽ ജീവിതശൈലിയും, ഭക്ഷണക്രമവുമെല്ലാം പഴയതിനേക്കാൾ മോശം. വയർ ചാടിയാൽ കൊഴുപ്പ് വലിച്ചുകളയാം എന്ന തെറ്റിദ്ധാരണ. വിസറൽ ഫാറ്റ് കൂടി കൂടി വന്നു. പിന്നീട് ഡോക്ടർ പറഞ്ഞു, ഇനി ലിപോസക്ഷൻ ചെയ്യാൻ സാധിക്കില്ല. വിസറൽ ഫാറ്റ് കളയാൻ ഇതു വഴി സാധിക്കില്ല. വിസറൽ ഫാറ്റ് ആന്തരിക അവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പാണ്. ചിത്രത്തിൽ കാണുന്ന പോലെ. അതിൽ വളരെയധികം കൂടുമ്പോഴാണ് ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകുന്നത്. പ്രമേഹം, ഫാറ്റിലിവർ , അമിത രക്തസമ്മർദ്ദം , ഹൃദ്രോഗങ്ങൾ സ്ത്രീകളിൽ പി.സി.ഓ.സ്., കുട്ടികളില്ലാത്ത പ്രശ്നങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് മാത്രം വലിച്ചെടുത്തു കളഞ്ഞിട്ട് എന്ത് പ്രയോജനം? നിങ്ങൾ സാധാരണ ശരീരഭാരം നിലനിർത്തുന്ന വ്യക്തിയാണെങ്കിൽ, നല്ലൊരു ഭക്ഷണക്രമം പിന്തുടരുന്ന വ്യക്തിയാണെങ്കിൽ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന പ്രത്യേകിച്ച്, വയർ, അടിവയർ, തുട, എന്നിവടങ്ങളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഇത്തരം ചികിത്സകൾ നല്ലതാണ്. എന്നാൽ നിങ്ങളുടെ ജീവിതരീതിയും ഭക്ഷണക്രമവും മോശമാണെങ്കിൽ, നിങ്ങൾക്ക് ജീവിതശൈലീ രോഗങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ സാദ്ധ്യതകൾ ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്, നല്ലൊരു ഭക്ഷണ ക്രമം പിന്തുടരുകയാണെന്നതാണ്. അമിതഭാരമുള്ളവർക്ക് ചെയ്യാനുള്ളതല്ല കൂൾസ്കൾപ്റ്റിംഗ്, ലിപോസക്ഷൻ എന്നി ചികിത്സകൾ. ജനങ്ങൾ പലപ്പോഴും വ്യക്തമായ ധാരണയില്ലാതെ എങ്ങനെയെങ്കിലും അല്പം വയർ കുറയണമെന്ന ചിന്തയിൽ ഇത്തരത്തിലുള്ള ചികിത്സകൾ ചെയ്യുന്നു. പല പഠനങ്ങളും പറയുന്നത്, ലിപോസക്ഷൻ ചെയ്യുന്നവർ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും നല്ല മാറ്റം - അത് പട്ടിണി കിടക്കലോ , ഭക്ഷണം കുറയ്ക്കലോ, ചോറ് മാറ്റി ചപ്പാത്തിയാക്കലോ അല്ല - വരുത്തിയില്ലെങ്കിൽ അവരുടെ വിസറൽ ഫാറ്റ് കൂടുന്നതിനുള്ള സാധ്യത വളരെയേറെയാണ് എന്നതാണ്. ലിപോസക്‌ഷനും കൂൾസ്കൾപ്റ്റിംഗും അമിതവണ്ണത്തിനുള്ള ചികില്സയല്ല. നല്ലൊരു ഭക്ഷണക്രമത്തിന് പകരമായി, എളുപ്പത്തിൽ വണ്ണം കുറയ്ക്കുന്ന ഒന്നല്ല ഇത്തരം കാര്യങ്ങൾ.


എസ്കാസോയിൽ വ്യായാമങ്ങൾക്ക് പകരമായി മയോ സ്റ്റിമുലേഷൻസ് ചെയ്യുന്നു. ഇത് ഒരിക്കലും അമിതവണ്ണം കുറയ്ക്കാനുള്ള ഉപകരണങ്ങളല്ല. എന്നാൽ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത് വ്യായാമങ്ങളിൽ എന്തെല്ലാം ഗുണങ്ങൾ ശരീരത്തിൽ ലഭിക്കുന്നു, ഇതെല്ലാം ഇതിലൂടെ ലഭ്യമാകും. എന്നാൽ നല്ല ഭക്ഷണ ശീലങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അമിതമായ കൊഴുപ്പിൽ കുറവ് വരികയുള്ളു. അമിതവണ്ണം കുറയ്ക്കാൻ ഉപകരണങ്ങളില്ല. മയോ സ്റ്റിമുലേഷൻസ് എന്താണ്, അതിന്റെ ഗുണങ്ങൾ എന്താണ്? അതിനെ കുറിച്ചുള്ള പഠനങ്ങൾ എല്ലാം തന്നെ എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.


https://pubmed.ncbi.nlm.nih.gov/22539589/
മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ, സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ, ഇൻഫെർട്ടിലിറ്റി ( കുട്ടികളുണ്ടാകാത്ത അവസ്ഥ) എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപരമായ അപകടസാധ്യതകളുമായി വയറിനകത്തെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു.


ഭാഗ്യവശാൽ, ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ നിങ്ങൾക്ക് വിസറൽ ഫാറ്റ് കുറയ്ക്കാൻ സാധിക്കും. അതിന് ടെക്നോളോജികളല്ല മറിച്ച് നല്ല ഭക്ഷണരീതികൾ ശീലിക്കണം. സമയാസമയങ്ങളിൽ നല്ല യഥാർത്ഥ ഭക്ഷണങ്ങൾ കഴിക്കണം. നല്ല ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന പോഷകാംശങ്ങൾ, മിതമായ വ്യായാമം (നിങ്ങൾക്ക് സാധിക്കുന്നത്) ആവശ്യത്തിന് വിശ്രമം, എന്നിവയെല്ലാം നിങ്ങളുടെ മധ്യഭാഗത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.


അമിതവണ്ണം കൂടുമ്പോൾ നിങ്ങളുടെ ഭാരം എന്ന സംഖ്യ കൂടുന്നതല്ല, മറിച്ച്, നിങ്ങളുടെ ആരോഗ്യത്തെ അത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കണം. ശരീരഭാരം കൂടുന്നതിൻറെ വയർ ചാടുന്നതിന്റെ, ഷർട്ടിന്റെ ബട്ടൺ ഇടാൻ സാധിക്കാത്തതിന്റെ വ്യക്തമായ കാരണങ്ങൾ മനസ്സിലാക്കണം. അത് നിങ്ങൾക്ക് മനസ്സിലായാൽ, ആ കാരണങ്ങൾ ശരിയാക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് ഏത് ചികിത്സ വേണമെങ്കിലും ചെയ്യാം. കാരണം വണ്ണം കൂടുന്നത് നിങ്ങളുടെ ഹോർമോണുകളുടെ പ്രവർത്തനത്തിലെ തകരാറുകളോ, രക്തത്തിലെ ഘടകങ്ങളുടെ തകരാറുകളോ, ഭക്ഷണക്രമത്തിൽ തെറ്റുകളോ ആകാം. അത് ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല. ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കണം. ഇതുമൂലമാണ് ഹോർമോൺ പ്രവർത്തനം തകരാറിലാകുന്നതും. ഇത് ശരിയാകാതെ, ചർമ്മത്തിന്റെ താഴെയുള്ള കൊഴുപ്പ് മാത്രം വലിച്ചെടുത്തു കളഞ്ഞു തല്ക്കാലം ഭംഗിയാക്കിയിട്ടോ, ആമാശയത്തിന്റെ വലുപ്പംകുറച്ചിട്ടോ കാര്യമില്ല എന്ന് മനസ്സിലാക്കണം. ദൈവം തന്ന ആമാശയത്തിന്റെ വലുപ്പം ശരിയായതാണ്. നമ്മുടെ ജീവിതശൈലികളാണ് മാറിയത്. ഭക്ഷണരീതികളാണ് മാറിയത്. ഇത് മനസ്സിലാക്കി, ആവശ്യമായ ചികിത്സകൾ ചെയ്യുക. പലപ്പോഴും പണം കൊണ്ട് മാത്രം ആരോഗ്യം തിരിച്ചുപിടിക്കുവാൻ സാധിക്കുകയില്ല. നല്ലൊരു ജീവിതശൈലി മാത്രം മതിയാകും നല്ല ആരോഗ്യം നേരുന്നു.


Grinto Davy Chirakekkaren

Founder ESCASO® GDDiET®

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach
Comments


Post: Blog2_Post
bottom of page