top of page

അമിതവണ്ണം - പുതുവർഷം, പുതിയ കാഴ്ചപ്പാടുകൾ

Updated: Sep 13, 2022


അമിതവണ്ണത്തെ മനസ്സിലാക്കിയ രീതിയാണ് മാറ്റേണ്ടത്.


എത്ര വർഷങ്ങളായി നിങ്ങൾ ഡയറ്റ് നോക്കുന്നു? അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നു. വർഷങ്ങളായി ഒരേ രീതി തന്നെ തുടരുകയും അതിൽ നിന്ന് ദീർഘകാല ഫലങ്ങൾ ഒന്നുംതന്നെ നിങ്ങൾക്ക് ലഭിക്കുന്നില്ലായെങ്കിൽ തീർച്ചയായും നിങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

അമിതവണ്ണത്തെ മനസ്സിലാക്കിയ രീതിയാണ് നമ്മൾ മാറ്റേണ്ടത്. കാരണം അമിതവണ്ണം, കൂടുതൽ ഭക്ഷണം കഴിച്ചതുകൊണ്ടും, കൂടുതൽ അധ്വാനിക്കാത്തതുകൊണ്ടും വന്ന് ചേരുന്ന, തീറ്റപ്രിയനായതുകൊണ്ടും മടിയന്മാർക്കും ഉള്ള ഒരു സ്വഭാവദൂഷ്യത്തിൽ നിന്നും വന്ന പ്രശ്നമാണെന്നാണ് ഭൂരിഭാഗം പേരും വിചാരിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ഇപ്പോഴും അമിതവണ്ണമുള്ളവരോട് കുറച്ചു കഴിക്കാനും കൂടുതൽ ഓടാനും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ


എന്‍റെ അടുത്ത് കൺസൽറ്റേഷനു വരുന്ന ഭൂരിഭാഗം പേരും പറയുന്നത്, "നിങ്ങൾ വിചാരിക്കുന്നത് പോലെ ഭക്ഷണം കഴിക്കുന്ന ആളല്ല ഞാൻ" എന്നാണ്.

എന്നെ സംബന്ധിച്ചിടത്തോളവും പണ്ട്, അമിതവണ്ണം കുറയ്ക്കണം എന്നത് നമ്പർ കുറയ്ക്കുക എന്നതായിരുന്നു. എത്ര ദിവസം കൊണ്ട് എത്ര കിലോ കുറയ്ക്കാം, എത്ര സെന്റിമീറ്റർ വയർ കുറയ്ക്കാം. ഇതൊക്കെയായിരുന്നു എന്‍റെ മനസ്സിലും ചിന്തകൾ. പിന്നീട് അമിതവണ്ണവും അതിന്റെ കാരണങ്ങളും യഥാർത്ഥത്തിൽ മനസ്സിലാക്കിയപ്പോഴാണ് നമ്പറുകളിൽ ഒരു കാര്യവുമില്ല എന്ന് മനസ്സിലായത്. അത് വ്യക്തികൾക്ക് മനസ്സിലാക്കണം അമിതവണ്ണത്തിന്‍റെയും മറ്റ് ജീവിതശൈലീ അസുഖങ്ങളുടെയും കാരണങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം.

നമ്മൾ ഇപ്പോഴും മനസ്സിൽ കരുതുന്നത് ഭക്ഷണമാണ് പ്രശ്നം എന്നാണ് . അതുകൊണ്ട് നല്ല ഭക്ഷണങ്ങളൊക്കെ മാറ്റി വച്ച് പകരം പൊടികളും ജ്യൂസുകളും കലക്കി കുടിച്ച് ഭാരം എന്ന നമ്പർ മാത്രം കുറയ്ക്കുന്നു. ദൈവം തന്ന ആമാശയത്തിന്‍റെ വലുപ്പം കൂടുതലാണെന്ന് വിചാരിച്ച് ആമാശയത്തിന്‍റെ വലുപ്പം കുറയ്ക്കാൻ നടക്കുന്നു. ഓട്ടം അല്ലെങ്കിൽ വ്യായാമം കുറഞ്ഞതാണെന്ന് വിചാരിച്ച് കഠിനമായി ശരീരത്തെ പീഡിപ്പിക്കുന്നു. വിശപ്പ് പ്രശ്നമെന്ന് വിചാരിച്ച് വിശപ്പ് വരാതിരിക്കുന്നതിനുള്ള മരുന്നുകളും ഗുളികകളും കഴിക്കുന്നു. കൊഴുപ്പ് കുഴപ്പമാണെന്ന് വിചാരിച്ച് കൊഴുപ്പ് ശരീരത്തിലേക്ക് ആഗിരണം ചെയ്യാതിരിക്കാനുള്ള സൂത്രപ്പണികൾ അന്വേഷിക്കുന്നു.

ഈ പറഞ്ഞതുകൊണ്ടെല്ലാം നിങ്ങൾ വണ്ണം കുറയുമായിരിക്കും. നമ്പർ കുറയുമായിരിക്കും. പക്ഷെ ഇതിന്റെയെല്ലാം കാര്യകാരണങ്ങൾ മനസ്സിലായില്ലെങ്കിൽ, അമിതവണ്ണം തിരിച്ചു വരും. അസുഖം മാറില്ല. അസുഖങ്ങൾക്ക് മരുന്നുകളുടെ എണ്ണം കൂടും. കുറഞ്ഞ ഭാരം ചിലപ്പോൾ നിങ്ങളുടെ പേശികളുടെ ഭാരമായിരിക്കാം. നിങ്ങളുടെ ആരോഗ്യം ഇതുമൂലം നഷ്ടപെടുകയാണെങ്കിൽ പിന്നെന്തിന് നിങ്ങൾ വണ്ണം കുറയ്ക്കണം?


“അമിതവണ്ണം എന്നത് ഒരു അസുഖമാണെന്നും, അല്ലെങ്കിൽ നമ്മളിലുള്ള മറ്റേതെങ്കിലും അസുഖത്തിന്റെ ലക്ഷണമാണെന്നും മനസ്സിലാക്കണം”

എന്നാൽ അമിതവണ്ണം എന്നത് ഒരു അസുഖമാണെന്നും, അല്ലെങ്കിൽ നമ്മളിലുള്ള മറ്റേതെങ്കിലും അസുഖത്തിന്‍റെ ലക്ഷണമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന അസുഖമായി കണക്കാക്കുന്ന ഒന്നാണ് അമിതവണ്ണം. നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളുടെ പ്രവർത്തനത്തിലെ തകരാറുകളോ, രക്തത്തിലെ ഘടകങ്ങളുടെ അതായത്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കുറവുകൾ എന്നിവയും അമിതവണ്ണത്തിന് കാരണമാകുന്നു. ഇതിനെകുറിച്ചെല്ലാം എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ ഞാൻ വിശദമായി വിവരിച്ചിട്ടുണ്ട്.

“അമിതവണ്ണം കുറയ്ക്കുക എന്നത് വളരെ വളരെ എളുപ്പമുള്ളതാണ്. അതുകൊണ്ടാണ് ഡയറ്റിനെ കുറിച്ച് 'എല്ലാം' അറിയുന്നവർക്ക് അത് ബുദ്ധിമുട്ടായി മാറിയത്. എന്നാൽ വളരെ ചെറിയ മാറ്റങ്ങളിലൂടെ വളരെ വലിയ മാറ്റങ്ങൾ ശരീരത്തിനുണ്ടാകുമെന്ന കാര്യം ഇവർ വിസ്മരിക്കുന്നു. എന്തെങ്കിലും കാര്യമായി ചെയ്തില്ലെങ്കിൽ ഒരു ഫലവും ലഭിക്കുകയില്ല എന്ന വിശ്വാസമാണ് നമുക്കുള്ളത്. അതുകൊണ്ട് ഓരോ ദിവസവും വരുന്ന ഡയറ്റുകൾ പരീക്ഷിക്കുന്നതും, ചെയ്യാൻ സാധിക്കാതിരുന്നിട്ടും കഷ്ടപ്പെട്ട് പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിച്ച് പരാജയപെടുന്നതും.


നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ടത്, എങ്ങനെ ശരീരത്തിന്‍റെയും ഹോർമോൺ പ്രവർത്തനങ്ങളെയും ശരിയാക്കാമെന്നതാണ്. ഒപ്പം വിറ്റാമിനുകളും ധാതുക്കളും പരിശോധിച്ച് കൃത്യമാക്കുകയെന്നതുമാണ്. ഇതെല്ലാം ശരിയായാൽ നിങ്ങൾ യാതൊരു കഷ്ടപ്പാടുമില്ലാതെ ഭാരം കുറയും. അതായത് ശരീരത്തെ ആരോഗ്യകരമാക്കുന്ന പ്രക്രിയയിൽ നടക്കുന്ന ആരോഗ്യകരമായ മറ്റൊരു കാര്യം മാത്രമാണ് അമിതവണ്ണം കുറയുക എന്നത്. അല്ലാതെ ശരീരത്തെ കുറിച്ച് മനസ്സിലാക്കാതെ, അസുഖങ്ങൾ വന്നതിനെക്കുറിച്ച് മനസ്സിലാക്കാതെ, ഭക്ഷണം കഴിച്ചതുകൊണ്ടും ഓടാൻ പോകാത്തതുകൊണ്ടുമാണ് വണ്ണം വച്ചതെന്ന് വിചാരിച്ച് ഭക്ഷണം കുറച്ചും ഓട്ടം കൂട്ടിയും ശരീരത്തെ പിന്നെയും ശിക്ഷിക്കരുത്.


എല്ലാവർക്കും ആരോഗ്യവും സന്തോഷവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.


Grinto Davy Chirakekkaren

Founder ESCASO® GDDiET®

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach










Comments


Post: Blog2_Post
bottom of page