top of page

അമിതവണ്ണവും കോവിഡും- ജാഗ്രത കൂട്ടാം

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മൂന്നാം തരംഗത്തെ ഫലപ്രദമായി എങ്ങിനെ നേരിടാം എന്നതിന്റെ ചർച്ചകൾ സർക്കാരുകൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ചർച്ചകളിൽ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും വാക്‌സിനേഷൻ ചെയ്യുന്നതിന്റെയും പ്രാധാന്യം സർക്കാരുകൾ എടുത്തു പറയുന്നു. മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സർക്കാർ - സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുന്നു. പീഡിയാട്രിക് സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു, അവർക്കുള്ള വിദഗ്ധ പരിശീലനവും ആരംഭിച്ചിരിക്കുന്നു. ഒപ്പം മാസ്ക് ഉപയോഗിക്കുന്നതിന്റെയും കൈ കഴുകുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പല രീതിയിലുമുള്ള ബോധവത്കരണവും നടന്നുകൊണ്ടിരിക്കുന്നു.

എന്നാൽ ലോകാരോഗ്യ സംഘടനയും ലോക ഒബീസിറ്റി (അമിതവണ്ണം) ഫെഡറേഷനും ഇതിന്റെയെല്ലാം ഒപ്പം തുടർച്ചയായി പറയുന്ന ഒരു ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ്, ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞാൻ ഇതിൽ പറയുന്ന എല്ലാ കണക്കുകളും വേൾഡ് ഒബീസിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലോകാരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തിൽ, രണ്ട് മഹാമാരികൾ - COVID-19 ഉം അമിതവണ്ണവും - ഒന്ന് ചേർന്ന ആക്രമിക്കുന്ന അവസ്ഥയിലാണ്. അമിതവണ്ണമുള്ള വ്യക്തികൾക്ക് COVID-19 കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വീടുകളിലെ ക്വാറന്റൈൻ നടപടികളും മോശം ഭക്ഷണശീലങ്ങളും അമിതവണ്ണത്തിന് കാരണമാകുന്ന ഘടകങ്ങളെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരിക്കലും മുൻ‌ഗണന കൊടുക്കാത്തതും, നമ്മുടെ നാട്ടിൽ രോഗമായി കണക്കാത്തതുമായ ഒരു രോഗമാണ് അമിതവണ്ണം. എല്ലാം രാജ്യങ്ങളിലും അമിതവണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു.

ജീവിതശൈലീരോഗങ്ങളുടെയും മാനസിക-ആരോഗ്യ രോഗങ്ങളുടെയും ഒരു പ്രധാനകാരണമാണ് അമിതവണ്ണം. എന്നാൽ അതിനേക്കാളുപരി ഇപ്പോൾ COVID-19 ന്റെ സങ്കീർണതകളുടെയും മരണനിരക്ക് കൂടുന്നതിന്റെയും ഒരു പ്രധാന ഘടകം കൂടിയാണ് അമിതവണ്ണം.

ഹൈ റിസ്ക് വിഭാഗത്തെ കേന്ദ്രികരിച്ച് പ്രത്യേക അവബോധം നടത്തും എന്ന് സർക്കാരുകൾ പറയുമ്പോൾ, അമിതവണ്ണത്തെ ഇതിൽ പലരും ഉൾപ്പെടുത്തി കാണുന്നില്ല. അല്ലെങ്കിൽ അതിന്റെ പ്രാധാന്യത്തെകുറിച്ച് മനസ്സിലാക്കുന്നില്ല. എന്നാൽ ഹൈ റിസ്ക് അല്ലെങ്കിൽ നിലവിലുള്ള അസുഖങ്ങൾ ഉള്ളവരിൽ പ്രത്യേകിച്ച് പ്രായം കൂടുതൽ ഉള്ളവർ, ഗുരുതര രോഗമുള്ളവർ, ഒപ്പം type 2 diabetes (പ്രമേഹം), cardiovascular disease, cancer, chronic kidney disease, chronic obstructive pulmonary disease, sleep apnea, immunocompromised individuals, ഇതിൽ പല അസുഖങ്ങളുടെയും പ്രധാന കാരണം മോശമായ ഭക്ഷണശീലങ്ങളും അമിതവണ്ണവുമാണ്. അമിതവണ്ണമുള്ളവരിൽ രോഗപ്രതിരോധ ശേഷിയും കുറവായിരിക്കും.


ഒന്നാം തരംഗത്തിൽ പ്രായമായവരിലും അനുബന്ധ അസുഖം ഉള്ളവരിലും കോവിഡ് കൂടുതൽ ഗുരുതരമായപ്പോൾ, രണ്ടാം തരംഗത്തിൽ 60 വയസ്സിനു താഴെയുള്ളവരിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങൾ - പ്രമേഹം, അമിതവണ്ണം, മറ്റ് ജീവിതശൈലീ അസുഖങ്ങൾ ഉള്ളവരെയും ഇത് കൂടുതലായി ബാധിച്ചു. ലോകാരോഗ്യ സംഘടനയും, വേൾഡ് ഒബീസിറ്റി ഫെഡറേഷനും ഈ മുന്നറിയിപ്പ് രണ്ടാം തരംഗത്തിന് മുൻപ് നൽകിയിരുന്നതാണ്. വേൾഡ് ഒബീസിറ്റിയുടെ റിപ്പോർട്ട് പ്രകാരം കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തേണ്ടി വരുന്നവരിലെ രണ്ടാമത്തെ പ്രധാന കാരണം അമിതവണ്ണവും ശരീരഭാരം വർദ്ധിച്ചതുമാണ്. ഇവരിൽ മരണ സാധ്യതയും കൂടുതലായിരിക്കും. അതിനുമുന്നിലുള്ള ഒന്നാമത്തെ കാരണം ഉയർന്ന വാർദ്ധക്യ നിരക്ക് മാത്രം.


Data from World Obesity Federation


ശരീരത്തിൽ അമിതമായ കൊഴുപ്പ് ഉണ്ടെങ്കിൽ (അമിതവണ്ണം), COVID-19 അണുബാധ കൂടുതൽ സങ്കീർണ്ണമാകുന്നതിന് ഒന്നിലധികം കാരണങ്ങൾ ഫെഡറേഷൻ ചൂണ്ടി കാണിക്കുന്നുണ്ട്.അമിതവണ്ണമുള്ളവരുടെ ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവർത്തനങ്ങളും ഒപ്പം ഉപാപചയവും ബലഹീനമായിരിക്കും. അമിതവണ്ണമുള്ളവരിൽ പ്രത്യേകിച്ച് വിസറൽ ഫാറ്റ് കൂടുതൽ ഉള്ളവരിൽ ഡയഫ്രത്തിന്റെ പ്രവർത്തനം പ്രതികൂലമായി ബാധിക്കും. ഇതുവഴി അവർക്ക് ശ്വാസോച്ഛാസം തടസ്സപ്പെടുന്നു. ഈ ബുദ്ധിമുട്ടുകൾ എല്ലാം ഒരുമിച്ച് വരുമ്പോൾ COVID-19 അണുബാധയെ ഫലപ്രദമായി നേരിടാനുള്ള കരുത്തും കഴിവും ശരീരത്തിന് കുറയുകയും, രോഗത്തെ ശക്തമായി പ്രതിരോധിക്കുവാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. അമിതവണ്ണമുള്ളവർക്ക് രോഗപ്രതിരോധശേഷി സ്വതവേ വളരെ കുറഞ്ഞിരിക്കും. ഇവ രണ്ടും വലിയ തോതിൽ വൈറൽ എക്സ്പോഷറുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ കൊഴുപ്പ് കോശങ്ങൾ കൂടുതലാകുന്നത് രോഗപ്രതിരോധ പ്രവർത്തനം താറുമാറാക്കുകയും ചെയ്യും.


PICTURE COURTESY: WORLD OBESITY FEDERATION


കുട്ടികളിലെ അമിതവണ്ണം


ഇതുപോലെ മൂന്നാം തരംഗത്തിന് മുൻപ് കുട്ടികളുടെ അമിതവണ്ണത്തെ കുറിച്ചും അതിനെതിരെ ശക്തമായ ആരോഗ്യ നടപടികളും ബോധവത്കരണങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വേൾഡ് ഒബീസിറ്റി ഫെഡറേഷൻ മുന്നറിപ്പ് നൽകുന്നു. കണക്കുകൾ കാണിക്കുന്നത് ലോകമെമ്പാടും, 5-19 വയസ് പ്രായമുള്ള 50 ദശലക്ഷം പെൺകുട്ടികളും 74 ദശലക്ഷം ആൺകുട്ടികളും അമിതവണ്ണമുള്ളവരാണ്. ഈ കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, അർബുദം, പ്രായപൂർത്തിയായവരിൽ അമിതവണ്ണം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിൽ 14.4 മില്യൺ കുട്ടികളെയാണ് അമിതവണ്ണം ബാധിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പൊതുജനാരോഗ്യ വിദഗ്ധരും കുട്ടികളുടെ അമിതവണ്ണം കൂടി വരുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ ആകർഷിക്കുന്ന ദോഷകരമായ ചേരുവകൾ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. മഹാമാരിമൂലം സ്കൂളുകൾ അടച്ചിട്ടതും ലോക്ക്ഡൗണുകളും, പാക്കറ്റ് ഭക്ഷണങ്ങളുടെ പ്രത്യേകിച്ച് ബിസ്കറ്റുകൾ, ബ്രെഡ്, കൂടുതൽ മധുരമടങ്ങിയ ഭക്ഷണങ്ങൾ, ഹോം ഡെലിവറികളിലൂടെ വാങ്ങി ഭക്ഷിക്കുന്ന ജങ്ക് ഫുഡുകൾ എന്നിവയുടെ കൂടുതലായ ഉപയോഗം, കളികളും പുറത്തിറങ്ങിയുള്ള ആക്ടിവിറ്റികളും കുറഞ്ഞതും, സ്വതവേ കൂടിക്കൊണ്ടിരിക്കുന്നു അമിതവണ്ണത്തിന് നിരക്ക് ഉയർത്തി.


എത്ര ശൂന്യമായ കലോറിയും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികൾ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് മുന്നറിയിപ്പ് ലേബലുകൾ പാക്കറ്റുകളിൽ നിർബന്ധമാക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിലിയറി സയൻസസിലെ ക്ലിനിക്കൽ എപ്പിഡെമിയോളജി പ്രൊഫസർ ഉമേഷ് കപിൽ ഉൾപ്പെടെയുള്ള വിദഗ്ധർ പറയുന്നു.


എത്രപേർ നമ്മുടെ നാട്ടിൽ കുട്ടിയുടെ അമിതവണ്ണത്തെ കുറിച്ച് ഉത്കണ്ഠാകുലരാകുന്നുണ്ട്? എസ്കാസോയിൽ ഏഴു വയസ്സുള്ള കുട്ടികൾ മുതൽ പ്രോഗ്രാം ചെയ്യുന്നുണ്ട്. ചില കുട്ടികളിൽ ഫാറ്റി ലിവറും പ്രീ ഡയബെറ്റിസും കാണുന്നു. എന്നാൽ ഭൂരിഭാഗം മാതാപിതാക്കളും ഇതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം.


ചിലർ പറയും ഇപ്പൊ കല്യാണമൊന്നുമില്ലല്ലോ? പത്താം ക്‌ളാസ് കഴിയട്ടെ, പഠിപ്പ് കഴിയട്ടെ, കല്യാണമാകട്ടെ എന്നെല്ലാം. കാരണം മറ്റൊന്നുമല്ല അമിതവണ്ണം ഒരു സൗന്ദര്യ പ്രശ്‌നം മാത്രമായോ, കുട്ടിയുടെ കുറ്റമായോ, കുട്ടിയുടെ അമിത ഭോജനം കാരണമോ, കുട്ടി മടിയനായത് കൊണ്ടോ ആണ് ഇത് സംഭവിച്ചതെന്ന് ആ മാതാപിതാക്കൾ വിചാരിക്കുന്നു. ഇരുന്ന് തിന്നുന്നത് കുറച്ചാൽ തന്നെ ഇവൻ നന്നാകുമെന്ന് പറയുന്ന മാതാപിതാക്കളുണ്ട്. ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ ഇത് കുട്ടിയുടെ ഒരു അസുഖമാണെന്ന് മനസ്സിലാക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നു. എന്ത് കൊണ്ട് കുട്ടി കൂടുതൽ ഭക്ഷണം നിയന്ത്രണമില്ലാതെ കഴിക്കുന്നു എന്നതിന്റെ കാരണമാണ് നമ്മൾ മനസ്സിലാക്കേണ്ടത്.


പൊതുവായി മനസ്സിലാക്കേണ്ട കാര്യങ്ങൾ


സർക്കാരുകൾ പറയുന്ന ഈ ഹൈ റിസ്ക് വിഭാഗം എന്താണെന്നും അത് എങ്ങിനെയാണ് നിയന്ത്രിക്കേണ്ടതെന്നും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം. ജീവിതശൈലീ രോഗങ്ങളും അതായത് പ്രമേഹം, ഹൃദ്രോഗങ്ങൾ, കാൻസർ, കരൾ, കിഡ്‌നി രോഗങ്ങൾ, പ്രായം എന്നിവയാണ് ഹൈ റിസ്കിൽ ഉൾപെടുത്തിയിരിക്കുന്നതെങ്കിലും ഇതിന്റെയെല്ലാം അടിസ്ഥാന കാരണമായ ഭക്ഷണശീലങ്ങളും അമിതവണ്ണവും വിട്ടുപോകരുത്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന്റെയും ജീവിതശൈലീരോഗങ്ങളുടെയും കാരണങ്ങൾ മനസ്സിലാക്കി, ശരിയായ ഭക്ഷണശീലങ്ങൾ കൂടി ഉൾപ്പെടുത്തി പരിഹരിക്കുക എന്നതാണ് ആത്യന്തിക പരിഹാരം. ശരിയായ ഭക്ഷണശീലങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണ്. കാരണം നമുക്കിന്നും നല്ല ഭക്ഷണശീലം എന്ന് പറയുന്നത് ഭക്ഷണം ഒഴിവാക്കലാണ്, അല്ലെങ്കിൽ കുറച്ചു കഴിക്കലാണ്. അല്ലെങ്കിൽ ചോറ് മാറ്റി ഓട്സ് ആക്കലാണ്. ആ തെറ്റിദ്ധാരണകൾ എല്ലാം മാറ്റാൻ നമുക്ക് സാധിക്കണം.


ഇതെല്ലാം കോവിഡ് ബാധിക്കുമ്പോൾ മാത്രമുള്ള കാര്യങ്ങളല്ല. മറ്റ് നിരവധി ശ്വാസകോശ അസുഖങ്ങളും ഉദാഹരണത്തിന്, ന്യൂമോണിയ, ഇൻഫ്ലുവെൻസ എന്നിവ, ശരീരഭാരം കൂടുതലുള്ള ആളുകളിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഏതൊരു മഹാമാരി നേരിടുന്നതിനും ശരീരത്തെ സജ്ജമാക്കുക എന്നതിനായിരിക്കണം ഇനി നമ്മൾ പ്രാധാന്യം നൽകേണ്ടത്.

കോവിഡ് പ്രതിരോധവും അമിതവണ്ണവും


അമിതവണ്ണം എന്നത് വ്യക്തികൾ മാത്രമല്ല സർക്കാരുകളും, മീഡിയ പോലും കാര്യമായി എടുക്കാത്ത ഒരു കാര്യമാണെന്ന് പറയാം. ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണുന്നതാണ് ഇന്നും അമിതവണ്ണം. എന്നാൽ അതിൽ നിന്നാണ് 80 ശതമാനം ജീവിതശൈലീ രോഗങ്ങളും വരുന്നത്.


ബാക്കിയെല്ലാ അസുഖങ്ങളും വിദഗ്ധ ഉപദേശം കിട്ടിയതിന് ശേഷം മാത്രം നമ്മൾ ചികില്സിക്കുമ്പോൾ അമിതവണ്ണം സ്വയം ചികില്സിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വളരെയേറെയാണ്. മാധ്യമങ്ങളിലും മറ്റും വരുന്ന സ്വയം ഭക്ഷണം കുറച്ചു കൂടുതൽ ഓടി 40 കിലോ കുറച്ചു എന്നെല്ലാം പറഞ്ഞു വരുന്ന വാർത്തകളിൽ വിശ്വസിച്ചു അസുഖങ്ങൾ ഉള്ളവരും പ്രായമായവരും പലതും സ്വയം ചെയ്ത് കൂടുതൽ അസുഖങ്ങൾ വരുത്തി വയ്ക്കുന്നവരുണ്ട്. മാധ്യമങ്ങൾക്കും ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ അല്പം ഉത്തരവാദിത്വം ആകാം എന്നാണ് എന്റെ അഭിപ്രായം. അമിതവണ്ണം, ഭാരം എന്ന നമ്പറിനെ മാത്രം ആശ്രയിച്ചല്ല. അമിതവണ്ണം ഒരു അസുഖമാണ്, അല്ലെങ്കിൽ ശരീരത്തിലുള്ള ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണ്. അല്ലാതെ ഭക്ഷണം കൂടുതൽ കഴിച്ചതുകൊണ്ടോ വ്യായാമം കുറഞ്ഞതുകൊണ്ടോ അല്ല അമിതവണ്ണം ഉണ്ടാകുന്നത്. ഒരു അസുഖം എങ്ങിനെ ചികിൽസിച്ചു ഭേദമാക്കണമോ അങ്ങിനെ തന്നെ അമിതവണ്ണവും ചികിൽസിച്ചു മാറ്റേണ്ടതാണ്.


അതിനായി അമിതവണ്ണത്തോടുള്ള ധാരണ മാറ്റണം എന്നതാണ് പ്രധാനം. ഒരു വ്യക്തിയുടെ കുറ്റമല്ല അമിതമായി വണ്ണം വയ്ക്കുന്നത്. ആ ഒരു ധാരണ ഉള്ളതുകൊണ്ടുതന്നെ പലരും പല വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പലരും വിഷാദരോഗങ്ങൾക്ക് അടിമപ്പെടുന്നു.

ശരിയായ രീതിയിൽ ചികിത്സക്കാത്തുകൊണ്ടുതന്നെ അമിതവണ്ണം മൂലമുണ്ടാകുന്ന മറ്റ് ജീവിതശൈലീ രോഗങ്ങൾ കൂടുന്നു. പ്രമേഹം, ഫാറ്റി ലിവർ, സ്ത്രീകളിലെ ആർത്തവ പ്രശനങ്ങൾ, കുട്ടികളില്ലാത്ത പ്രശ്നങ്ങൾ, അതുപോലെ മുൻപ് സൂചിപ്പിച്ചതു പോലെ ഏതൊരു ഇൻഫെക്ഷൻ വന്നാലും അമിതവണ്ണമുള്ളവരിൽ കൂടുതൽ മാരകമാകുന്നു.


അമിതവണ്ണമുള്ളവരിൽ കോവിഡ് നെഗറ്റീവ് ആയിക്കഴിഞ്ഞാലും പ്രശ്നങ്ങൾ കണ്ടുവരുന്നു. അതിനെ കുറിച്ച് നടന്ന ചില പഠനങ്ങൾ താഴെ കൊടുക്കുന്നു.


ചില പഠനങ്ങൾ

അമിതവണ്ണമുള്ളവരിൽ കോവിഡ്, രോഗം മാറിയതിനുശേഷം ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ കാണുവാനുള്ള സാധ്യത കൂടുതലാണെന്നു ക്ലെവലാൻഡ് ക്ലിനിക്കിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. 2020 മാർച്ച് മുതൽ 2020 ജൂലൈ വരെ കോവിഡ് ബാധിച്ച രോഗികളിൽ 2021 ജനുവരി വരെ പഠനം നടത്തിയതിന് ശേഷം അവർ കണ്ടെത്തിയത് സാധാരണ ശരീരഭാരമുള്ള രോഗികളെക്കാൾ അമിതവണ്ണമുള്ളവരിൽ വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കോവിഡിന് ശേഷം കണ്ടുവരുന്നു എന്നതാണ്.സ്ലീപ് അപ്നിയ ഉള്ളവരിൽ അതായത് ഉറക്കത്തിൽ ശ്വാസതടസ്സം, കൂർക്കംവലി എന്നിവയുള്ളവരിൽ COVID-19 കൂടുതൽ സങ്കീർണമാക്കുന്നു. സ്ലീപ് അപ്നിയയുടെ ഒരു പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് അമിതവണ്ണമാണ്.


വയറിനകത്ത്, ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ് - വിസറൽ ഫാറ്റ് - കൂടിയവരിൽ COVID-19 കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വിസറൽ ഫാറ്റ് കൂടുന്നത് ജീവിതശൈലീ രോഗങ്ങളുടെ ഒരു കാരണമാണ്. അതിനെക്കുറിച്ചു മുൻപെഴുതിയ ബ്ലോഗിൽ ഞാൻ പറഞ്ഞിരുന്നു. വിസറൽ ഫാറ്റ് കൂടുന്നതും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അമിതമായി വിസറൽ ഫാറ്റ് ഉള്ളവരുടെ ശരീരം എപ്പോഴും ഇൻഫ്ലമേഷൻ ഉള്ള അവസ്ഥയിലാണ്. കൂടെ ഒരു ഇൻഫെക്ഷൻ കൂടി വരുമ്പോൾ ശരീരത്തിന് രണ്ടിനെതിരായും പ്രവർത്തിക്കേണ്ടി വരുന്നു. cytokine storm എന്ന് വിളിക്കുന്ന ഈ ഘട്ടത്തിലാണ് അസുഖം കൂടുതൽ സങ്കീർണമാകുന്നത്.ശ്രദ്ധിക്കുക

നിങ്ങൾക്ക് അമിതവണ്ണമുണ്ടെങ്കിൽ…

  • എത്രയും പെട്ടന്ന് വാക്‌സിനേഷൻ എടുക്കുക

  • മാസ്ക് നിർബന്ധമായും ധരിക്കുക

  • സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി വയ്ക്കുക

  • കോവിഡ് ചെറിയ ലക്ഷണമാണെങ്കിൽ പോലും ഡോക്ടറുടെ സേവനം തേടുക

  • അമിതവണ്ണം കുറയ്ക്കുവാൻ തീരുമാനമെടുക്കുക. അമിതവണ്ണം കുറയ്ക്കാൻ ശരിയായ യഥാർത്ഥ ഭക്ഷണങ്ങൾ മാത്രം ഉപയോഗിക്കുക. എല്ലാം ഭക്ഷണങ്ങളും നിങ്ങളുടെ ഭക്ഷണരീതിയിൽ ഉൾപെടുത്തുക.

  • അമിതവണ്ണത്തോടൊപ്പം പ്രമേഹവും, അമിത രക്ത സമ്മർദ്ദവും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

  • ഭക്ഷണം മാത്രമല്ല, ഉറക്കം, മാനസിക നില എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുമെന്ന് മനസിലാക്കുക.

  • ആവശ്യമായ രക്തപരിശോധനകൾ നടത്തുക

  • അമിതവണ്ണം ചികിത്സ ആവശ്യമായ അസുഖമാണെന്ന് മനസിലാക്കുക. അത് നിങ്ങളുടെ കുറ്റമല്ല എന്നും മനസിലാക്കുക.

  • മാജിക്കുകളുടെ പിന്നാലെ പോകാതിരിക്കുക.


ജാഗ്രത കൂട്ടാം


മാസ്ക് ഇടുന്നതിലും കൈകഴുകുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ജാഗ്രത കാണിക്കുന്ന നമ്മൾ നമ്മുടെ ജീവിതശൈലിയിൽ ജാഗ്രത കാണിക്കാറുണ്ടോ? കഴിക്കുന്ന ഭക്ഷണങ്ങളിൽ ജാഗ്രത കാണിക്കുന്നുണ്ടോ? പലരും അമിതവണ്ണം ഒഴിവാക്കണം എന്ന് വിചാരിച്ചാലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും മറ്റും വരുന്ന തെറ്റായ ഭക്ഷണശീലങ്ങളുടെ പിന്നാലെ പോകുന്നു. കഴിക്കുന്ന ഭക്ഷണങ്ങളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഉറങ്ങുന്ന സമയങ്ങളിലും നമ്മുടെ മാനസികാവസ്ഥയിലും വളരെ കൂടുതൽ ജാഗ്രത കാണിക്കേണ്ട സമയമാണിത്.


ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുമ്പോൾ പ്രത്യേകിച്ച് നിലവിൽ ജീവിതശൈലീ രോഗങ്ങൾ ഉണ്ടെങ്കിൽ ഉദാഹരണത്തിന്, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, കിഡ്‌നി രോഗങ്ങൾ, അമിതമായ ശരീരഭാരം എന്നിവയുണ്ടെങ്കിൽ വിദഗ്ദ്ധ ഉപേദശം അനുസരിച്ച് മാത്രം മാറ്റങ്ങൾ വരുത്തുക.

ഈ അസുഖങ്ങൾ വന്നത് ഭക്ഷണശീലവും ജീവിതശൈലിയും തെറ്റായത് കൊണ്ടാണെന്ന് പലരും മനസ്സിലക്കുന്നില്ല. മരുന്നുകൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന നമ്മുടെ സമൂഹം, നല്ല ഭക്ഷണശീലങ്ങൾ പരിശീലിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രദ്ധിക്കുന്നുണ്ടോ? എസ്കാസോയിൽ വരുന്ന ഭൂരിഭാഗം ആളുകളും ആദ്യം ചോദിക്കുന്നത് എത്ര ദിവസം കൊണ്ട് എത്ര കിലോ കുറയ്ക്കാം എന്നാണ്. അവരുടെ അസുഖങ്ങളും ശാരീരിക മാനസിക അസ്വസ്ഥതകളും എല്ലാം അമിതവണ്ണത്തിൽ നിന്നാണെന്നും, അവരുടെ ചില അസുഖങ്ങൾ മൂലമാണ് അവരുടെ വണ്ണം കൂടുന്നതെന്നും മനസ്സിലാക്കികൊടുക്കുവാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ആരോ ഒരാൾ എന്തോ ചെയ്തു എത്രയോ കുറഞ്ഞു എന്നതല്ല അമിതവണ്ണത്തിന് ചികിത്സ. ഹോർമോണുകളുടെ പ്രവർത്തനവും ശാരീരികവും മാനസികവുമായ മേഖലകളും മനസ്സിലാക്കി ശരിയായ ഭക്ഷണരീതികളിലൂടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കണം.


വണ്ണം കൂടിയവർക്കാണ് ഡയറ്റ് എന്ന തെറ്റിദ്ധാരണയാണ് കൂടുതലും. ഭക്ഷണശീലങ്ങളാണ് നമ്മുടെ ആരോഗ്യം മുഴുവനും നിയന്ത്രിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലൊരു ഭക്ഷണശീലം അത്യാവശ്യമാണ്. നല്ലൊരു ഭക്ഷണശീലത്തിലൂടെയാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നത്. അല്ലാതെ വൈറസിനെ കാണുമ്പോൾ വിറ്റാമിൻ C വാങ്ങി കഴിക്കുകയല്ല വേണ്ടത്. തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന ഭക്ഷണശീലങ്ങളും നമ്മുടെ അസുഖങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. യാതൊരുവിധ യോഗ്യതയുമില്ലാത്തവർ ഓൺലൈനിലൂടെ വളരെ അധികാരികതയോടെ ഡയറ്റ് പറയുന്നത് കണ്ടിട്ടുണ്ട്. പിന്നെന്തിനാണ് നാട് മുഴുവൻ മെഡിക്കൽ കോളേജുകളും, ന്യൂട്രിഷൻ കോഴ്‌സുകളും എന്ന് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആരെങ്കിലും ഒരാൾ ഒരസുഖത്തിന് ഒരു മരുന്ന് എഴുതികൊടുത്താൽ സമ്മതിക്കുമോ? ഡയബെറ്റിസ് ചികില്സിക്കുന്നതു ഓൺലൈൻ വീഡിയോ കണ്ടിട്ടാണോ? കാൻസർ ചികില്സിക്കുന്നത് ഫേസ്ബുക് ഗ്രൂപ്പ് വഴിയാണോ? എന്നാൽ ഇത്തരം അസുഖങ്ങൾ എല്ലാം ഉണ്ടാക്കുന്ന തെറ്റായ ഭക്ഷണശീലവും അമിതവണ്ണവും ഭൂരിഭാഗവും ഓൺലൈനിലൂടെ ആരെങ്കിലും പറയുന്നത് കണ്ട് ചികില്സിക്കുന്നത് കാണാം. പലപ്പോഴും ഡയറ്റ് എന്ന് പറയുന്നത് വണ്ണം കുറയ്ക്കാൻ എന്ന രീതിയിൽ മാത്രം കാണുന്നു എന്നതാണ് മറ്റൊരു പ്രശ്നം. അതുകൊണ്ട് തന്നെ സാധാരണ കഴിക്കുന്ന നല്ല ഭക്ഷണങ്ങൾ ഒഴിവാക്കാനുള്ള പ്രവണത കാണുന്നു. അതുമൂലം ആരോഗ്യം വീണ്ടും തകരാറിലാകുന്നു. രോഗ പ്രതിരോധശേഷി വീണ്ടും കുറയുകയും ചെയ്യുന്നു.


നല്ലൊരു ഭക്ഷണശീലം മനസ്സിലാക്കാത്തതിന്റെയും അമിതവണ്ണം ഒരു അസുഖമാണെന്ന് മനസ്സിലാക്കാതെ വ്യക്തിയുടെ കുറ്റവും കഴിവില്ലായ്മയുമായി കണ്ടതിന്റെയും ഫലമാണ് കോവിഡ് ബാധിക്കുന്നവരിൽ അസുഖം സങ്കീർണമാകുന്നതിന്റെ പ്രധാന കാരണമെന്ന് വേൾഡ് ഒബീസിറ്റി ഫെഡറേഷൻ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് ഈ കാലഘട്ടത്തിലെങ്കിലും ജാഗ്രത കുറയരുത്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും പ്രത്യേകിച്ച് കുട്ടികളുടെയും ഭക്ഷണരീതികൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് അമിതവണ്ണം ഉണ്ടെങ്കിൽ വിദഗ്ധോപദേശം അനുസരിച്ചു മാത്രം ചികിത്സകൾ ചെയ്യുക. കോവിഡ് മൂലമുള്ള തീവ്രമായ പ്രശ്നങ്ങൾ തടയുക.

ഈ ബ്ലോഗിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വേൾഡ് ഒബീസിറ്റി ഫെഡറേഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ, ലോകത്തിലെ തന്നെ മികച്ച ഗവേഷണങ്ങൾ - പബ് മെഡ്, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ - എന്നിവയെ അടിസ്ഥാനമാക്കിയാണ്. എല്ലാ ലിങ്കുകളും ഇതിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇവ പരിശോധിക്കാവുന്നതാണ്. ഈ ബ്ലോഗ് കോവിഡ് ചികിത്സക്കായി ഉപയോഗിക്കാനുള്ളതല്ല. ചെറിയ കോവിഡ് ലക്ഷണങ്ങൾ പോലും അവഗണിക്കാതിരിക്കുക. ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം തേടുക. വാക്സിനേഷൻ എത്രയും പെട്ടെന്ന് എടുക്കുക. മാസ്ക് നിർബന്ധമായും ധരിക്കുക. സാനിറ്റൈസർ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. സ്വയം ചികിത്സ അരുത്. അമിതവണ്ണമുള്ളവരാണെങ്കിൽ വിദഗ്ധരെ കണ്ട് മാത്രം ഭക്ഷണശീലങ്ങൾ മാറ്റം വരുത്തുക. അമിതവണ്ണമുള്ളവർ ഒരു കാരണവശാലും ചികിത്സ വൈകിക്കരുത്. ഓൺലൈനിലും മറ്റും വരുന്ന യോഗ്യതയില്ലാത്ത വ്യക്തികളുടെ ഉപദേശങ്ങൾ അവഗണിക്കുകഎസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
ഓൺലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യുന്നതിന് www.realweightlossdiet.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
എസ്കാസോ കോഡ് എന്ന പുസ്തകം നിങ്ങൾക്ക് എല്ലാ ഓൺലൈൻ ബുക്ക് സ്റ്റോറിൽ നിന്നും ലഭ്യമാണ്.
ഫേസ്ബുക് & ഇൻസ്റ്റാഗ്രാം പേജ് : @escasoclub

Comments


Post: Blog2_Post
bottom of page