പുറത്തു നിന്നും വീടെത്തി മാസ്ക്ക് അഴിച്ചു മാറ്റി സ്വൈരമായി ഒരു ദീർഘശ്വാസം എടുത്ത ശേഷം നമ്മൾ ഓരോരുത്തരും ദിവസവും വിചാരിക്കുന്ന ഒരു കാര്യമുണ്ട്, "ഹോ! ഇത് എന്ന് തീരുമോ എന്തോ?". അടുത്തെങ്ങും ഈ മഹാമാരിയ്ക്ക് ഒരു അവസാനം ഉണ്ടാകില്ല എന്ന് നമുക്ക് ഓരോരുത്തർക്കും അറിയുമെങ്കിലും, ദിനം തോറും അത് നമുക്ക് നൽകുന്ന അറിവുകളും പലതാണ്. ഈ രോഗത്തെ പേടിക്കുന്ന ഘട്ടമല്ല മറിച്ച് എങ്ങനെയെല്ലാം അതിജീവിക്കാം എന്നാണ് ഇന്ന് ലോകരാജ്യങ്ങൾ എല്ലാം കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്.
മരുന്നിനും ചികിത്സകൾക്കുമപ്പുറം ഓരോ രോഗത്തിനും ഒരു സ്വഭാവമുണ്ട്. ചിലർ പറഞ്ഞു കേട്ടിട്ടില്ലേ, "വളരെ പ്രഗത്ഭനായ ഡോക്ടർ ആണെന്ന് കേട്ടിട്ടാണ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ വരെ പോയത്, രണ്ട് വർഷമായി ഇപ്പോഴും രോഗത്തിന് ഒരു ശമനവുമില്ല". എവിടെ കുറ്റം ഡോക്ടറുടെയോ അദ്ദേഹം തന്ന മരുന്നുകളുടേയോ ആവില്ല, മറിച്ച് ആ മരുന്നിനേയും രോഗത്തേയും നമ്മൾ കൈകാര്യം ചെയ്യുന്ന വിധത്തിലായിരിക്കും തെറ്റ്.
പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടല്ലോ എന്ന് കരുതി മധുരപലഹാരങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്ന ഉദാഹരണം പോലെ.
പറഞ്ഞു വന്നത് നമ്മുടെ ശരീരത്തെ കുറിച്ച് തന്നെയാണ്. കൊറോണ നമ്മളിൽ പലർക്കും വന്നു പോയിക്കാണും, ചിലപ്പോൾ ഇനിയുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും നമുക്ക് രോഗം വന്നേക്കാം പക്ഷെ അതിനൊക്കെ മുൻപ് നാം നമ്മോടു ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, "രോഗം വന്നാൽ താങ്ങാൻ എന്റെ ശരീരത്തിന് കഴിയുമോ?". ലോക്ക്ഡൗൺ കാലത്ത് നമ്മൾ സമൂഹമാധ്യമങ്ങളിൽ ഉടനീളം കണ്ടത് എല്ലാവരുടേയും പാചക കസർത്താണ്. കേക്കുകളും പേസ്ട്രികളും, ധാരാളം മധുരമടങ്ങിയ ജ്യൂസുകളും ഷേക്കുകളും എന്നുവേണ്ട സകല ഭക്ഷണങ്ങളും ഉണ്ടാക്കുന്നതിൽ നമ്മൾ മുന്നിട്ട് നിന്നു. നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കിയവരും ഉണ്ടായിരുന്നു. ഒരു രോഗത്തെ പ്രതിരോധിക്കാനാണ് നമ്മെ വീട്ടിലിരുത്തിയതെന്നും അതിനുതകും വിധം നമ്മൾ നമ്മെ പാകപ്പെടുത്തണം എന്നും നമ്മൾ സൗകര്യപൂർവ്വം മറന്നു.
നല്ല കഞ്ഞിയും പയറും മീൻകറിയും ഇറച്ചിക്കറിയും പച്ചക്കറികളും ഉപയോഗിച്ച് ശരീരത്തെ നന്നാക്കാൻ തീരുമാനിച്ചവരും ഇതിലുണ്ടെന്ന് മറക്കുന്നില്ല .
പലവിധ ഭക്ഷണങ്ങൾ കഴിക്കരുത് എന്നല്ല, നമ്മൾ അടച്ചുപൂട്ടി ഇരിക്കുന്ന ആ സാഹചര്യത്തിൽ നമുക്ക് ഏത് ഭക്ഷണം അനുയോജ്യമാവും എന്നുകൂടി നാം ഓർക്കേണ്ടതുണ്ട്. ഈ കാലത്തു പ്രതിരോധശേഷി കൂട്ടുന്നതിനുള്ള മരുന്നുകളും നുറുങ്ങു വിദ്യകളും വാട്സാപ്പ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർ തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഒന്ന് ഓർക്കുക, എല്ലാ പ്രതിരോധത്തിന്റേയും അടിത്തറ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.
എന്ത് ഭക്ഷണം, എപ്പോൾ, എങ്ങനെ കഴിക്കുന്നു എന്നത് തന്നെയാണ് ശാരീരിക ഊർജ്ജത്തിന്റെയും നല്ല ആരോഗ്യത്തിന്റേയും ആധാരം.
നാം വായിച്ചും കണ്ടും അറിഞ്ഞത് പോലെ ലോകത്തിലെയും കേരളത്തിലെയും കോവിഡ് മരണങ്ങളിൽ ഏറെയും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, അർബുദം എന്നിവ ബാധിച്ചവർക്കായിരുന്നു. ഇത്തരം രോഗാവസ്ഥകളിൽ ശരീരത്തിന്റെ പ്രതിരോധശേഷി ഗണ്യമായി കുറയുകയും തന്മൂലം മറ്റ് വൈറസുകളെയോ രോഗാണുക്കളെയോ ചെറുത്തുതോൽപ്പിക്കാൻ കഴിയാത്ത സാഹചര്യം വരും. അതുകൊണ്ട് തന്നെയാണ് കോവിഡ് രോഗബാധിതർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പ്രതിരോധ മരുന്നുകൾ നൽകിവരുന്നതും, രോഗത്തെ അതിജീവിച്ചവരുടെ പ്ലാസ്മ ഉപയോഗിച്ച് രോഗ ബാധിതരെ ചികിൽസിക്കുന്നതും.
നല്ല ഭക്ഷണമാണ് ഏറ്റവും നല്ല മരുന്ന്. നമ്മൾ നമ്മുടെ ശരീരത്തെ എങ്ങനെ പരിചരിക്കുന്നു എന്നതിലാണ് എല്ലാ രോഗത്തിന്റേയും കാരണവും പ്രതിവിധിയും ഉള്ളത്. ഓരോ ദിവസവും നമ്മൾ നമ്മുടെ ശരീരത്തോട് ചെയ്യുന്ന ഒരു കാര്യം ശ്രദ്ധിക്കാം, ഒരുപാട് കാര്യങ്ങൾക്ക് പരിഹാരം കാണാൻ.
Comments