ഹൈപോതൈറോയിഡും അമിതവണ്ണവും
- Grinto Davy
- Aug 12, 2023
- 4 min read
Updated: Aug 17, 2023

കവിത, 21 വയസ്സ്
101.7 kg
161 cm ഉയരം
54.4% ഫാറ്റ്
Visceral Fat : level 18
Phase Angle: 5.5°
കവിത എസ്കാസോയിൽ വരുമ്പോൾ ഇതാണവസ്ഥ. ഓടാൻ പോയിട്ട് നടക്കാൻ പോലും സാധിക്കില്ല. നടക്കുമ്പോൾ കിതപ്പ്. അമിതമായ ക്ഷീണം. കവിതയുടെ ബോഡി കോമ്പോസിഷൻ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഹൈപോതൈറോയ്ഡിന് രണ്ട് വർഷമായി മരുന്ന് കഴിക്കുന്നുണ്ട്. മാതാപിതാക്കളുടെ കൂടെയാണ് വന്നത്. അവർ കവിതയെ കുറ്റപെടുത്തികൊണ്ടിരിക്കുന്നുണ്ട്. മടിച്ചിയാണ്, പുറത്തിറങ്ങില്ല, കോളേജ് വിട്ടു വന്നാൽ ടീവി യുടെ മുൻപിൽ, രാത്രി മുഴുവൻ മൊബൈലിൽ. രാവിലെ ഭക്ഷണം ഇല്ലെന്ന് പറയാം. ചിലപ്പോൾ ഒരു കാപ്പി. ഭക്ഷണം കഴിക്കാൻ പേടി. വണ്ണം ഇനിയും കൂടുമോ എന്ന ഭയം, മറ്റുള്ളവരുടെ കളിയാക്കലുകൾ മറുവശത്ത്. പലപ്പോഴായി ജിമ്മിൽ പോയി. കുറച്ച് ദിവസം വ്യായാമങ്ങൾ ചെയ്യും. അപ്പോൾ തുടങ്ങും മുട്ട് വേദന, നടുവേദന. മടിയാണെന്ന് മാതാപിതാക്കൾ. എന്നാൽ ഹൈപോതൈറോയ്ഡിസം മൂലമാണ് വണ്ണം വച്ചതെന്ന അറിവുണ്ടെങ്കിലും, രണ്ടും തമ്മിലുള്ള ബന്ധം അത്ര മനസിലായിട്ടില്ല. ഇതു തന്നെയാണ് മഹാഭൂരിപക്ഷം തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്കും സംഭവിക്കുന്നത്. കവിതയും മാതാപിതാക്കളും പറഞ്ഞത്, തൈറോയ്ഡ് പ്രശ്നമുണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ട്. അതിപ്പോൾ കുഴപ്പമില്ല എന്നാണ്. അതായത് കവിതയുടെ ശരീരഭാരം കൂടുന്നതിന്റെ കാരണം തൈറോയ്ഡിന്റെ പ്രശ്നം എന്നതിലുപരി, കവിതയുടെ ഒരു കുറ്റമായാണ് അവർ കാണുന്നത്.
ആദ്യത്തെ കൺസൾട്ടേഷൻ അവസാനിപ്പിച്ച് തൈറോയ്ഡ് പ്രശ്നങ്ങളും അമിതവണ്ണവും തമ്മിലുള്ള ബന്ധം പറഞ്ഞു മനസിലാക്കുവാൻ ഞങ്ങൾ കുറച്ചധികം സമയമെടുത്തു . അമിതവണ്ണം കുറയ്ക്കലല്ല ആദ്യത്തെ ശ്രമം. ആദ്യം ശരീരഭാരം എങ്ങിനെ കൂടുന്നു എന്നതിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി, അതിനാവശ്യമായ മാറ്റങ്ങൾ വരുത്തുക, ഭാരം കൂടാൻ കാരണമായ അസുഖങ്ങളെ നിയന്ത്രിക്കുക, ഇതെല്ലാം നടന്നാൽ മാത്രമേ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളു. ഇവിടെ കവിതയുടെ 101.7 കിലോ എന്നതിനേക്കാൾ ഉപരി, അവർക്ക് ഹൈപോതൈറോയ്‌ഡ് ഉണ്ട്, അവരുടെ വിസറൽ ഫാറ്റ് ലെവൽ 18 ൽ ആണ് എന്നതാണ് പ്രശ്‌നം. നോർമൽ വിസറൽ ഫാറ്റ് ലെവൽ ഏകദേശം 9ന് താഴെ നിൽക്കണം. ഇത് കൂടുന്നതിനനുസരിച്ച് മറ്റ് പല അസുഖങ്ങളും വരും. ഉദാഹരണത്തിന്, പ്രമേഹം, സ്ത്രീകളിലെ PCOD, ഫാറ്റി ലിവർ, ഹൃദ്രോഗങ്ങൾ മുതലായവ. കോശങ്ങളുടെ ആരോഗ്യത്തെ കണക്കാക്കുന്ന ഫേസ് ആംഗിൾ 5.5° ആണ്. ഇതിന്റെ നോർമൽ 6.5 നും 7.5 നും ഇടയിൽ ഉണ്ടായിരിക്കണം. നമ്മുടെ ആരോഗ്യം മോശമാകുന്നതിനനുസരിച്ചാണ് ഫേസ് ആംഗിൾ കുറയുന്നത്. അതിന് വണ്ണം കൂടണമെന്ന് നിർബന്ധമില്ല. ചിലർക്ക് വണ്ണമില്ലെങ്കിലും ഫേസ് ആംഗിൾ മോശമായി കാണും. അവർക്ക് ജീവിതശൈലീ മൂലമുള്ള പല അസുഖങ്ങളും ഉണ്ടാവുകയും ചെയ്യും.
ആറു മാസത്തിനു ശേഷം ഇന്ന് കവിതയുടെ ശരീരഭാരം 83 കിലോയിൽ എത്തി. ഏകദേശം 18 കിലോ കുറച്ചു. തൈറോയ്ഡിന്റെ മരുന്നുകൾ ഡോക്ടർ പൂർണമായും നിർത്തി. ഇനിയും ഭാരം കുറയാനുണ്ട്. കവിതയുടെ നല്ല ഭാരം എന്ന് പറയുന്നത് 63-68 കിലോയാണ്. എന്നാൽ കവിതയ്ക്ക് ഇപ്പോളറിയാം ഭാരം കുറയ്ക്കലല്ല ലക്‌ഷ്യം, സന്തോഷത്തോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ച്, സുഖമായി ഉറങ്ങി, ഹോർമോൺ പ്രശ്നങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് പ്രധാനമെന്ന്. ഹൈപോതൈറോയ്ഡിസത്തിന്റെയും, അതുമൂലമുള്ള അമിതവണ്ണത്തിന്റെയും വ്യക്തമായ കാരണങ്ങൾ മനസ്സിലാക്കി അതിലേയ്ക്ക് ആവശ്യമായ കൃത്യമായ, സമഗ്രമായ ചികിത്സകൾ ഉൾക്കൊണ്ടതിന്റെ ഫലമാണ് കവിതയുടെ മാറ്റത്തിന് കാരണം. ഇന്ന്, കവിത വളരെ സന്തോഷത്തിലാണ്. ശരീരഭാരം കുറഞ്ഞത് മാത്രമല്ല, തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെട്ടതും, ആരോഗ്യത്തിൽ മൊത്തത്തിൽ ഉണ്ടായ മാറ്റവും ഈ സന്തോഷത്തിന് കാരണമാണ്. ഇന്ന് കവിതയ്ക്ക് ആത്മവിശ്വാസമുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും സ്വയം മാറ്റാൻ സാധിക്കുമെന്ന വിശ്വാസവുമുണ്ട്. അമിതവണ്ണം തന്റെ ഒരു കുറ്റമോ കഴിവുകേടോ ആയിരുന്നില്ലെന്നും, അത് തന്റെ അസുഖത്തിന്റെ ഒരു ഭാഗമായിരുന്നെന്നും ഇപ്പോൾ കവിതയും അവരുടെ മാതാപിതാക്കളും മനസിലാക്കുന്നു. ശരീരഭാരം കൂടുന്നതിന് പലരും കവിതയെ കുറ്റപ്പെടുത്തിയിരുന്നു. കവിത കൂടുതൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്, വ്യായാമം ചെയ്യാത്തതുകൊണ്ടാണ് എന്നിങ്ങനെ പല പല അഭിപ്രായങ്ങൾ, കളിയാക്കലുകൾ. എന്നാൽ ഹൈപോതൈറോയ്ഡിസവും അതുമൂലമുണ്ടാകുന്ന അമിതവണ്ണവും തമ്മിലുള്ള ബന്ധം ആരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. അമിതവണ്ണത്തിന് രണ്ടു കാരണങ്ങൾ മാത്രമാണ് പലരുടെയും മനസ്സിൽ ഒന്നുകിൽ അമിതമായ ഭക്ഷണം, അല്ലെങ്കിൽ വ്യായാമക്കുറവ്.
ഹൈപ്പോതൈറോയിഡിസം സങ്കീർണമായ അസുഖമാണ്. ഇത് സ്ത്രീകളിൽ കൂടുതൽ കണ്ടുവരുന്നു. എന്നാൽ ഇതിന്റെ കാരണങ്ങൾ മനസ്സിലാക്കി ശരിയായ രീതിയിൽ ചികിത്സിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ ഡോക്ടറെ കണ്ട് കൃത്യമായി മരുന്നുകൾ കഴിക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം ആ മരുന്നുകൾക്ക് ശരിയായ ഫലമുണ്ടാകണമെകിൽ രോഗിയുടെ ജീവിതശൈലി മെച്ചപ്പെടുത്തുക എന്നതും പരമപ്രധാനമാണ്. ഹൈപോതൈറോയ്ഡിസത്തിന്റെ പ്രധാനകാരണങ്ങൾ നല്ല ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം വളരെയേറെ കുറയ്ക്കുക, അമിതമായ മാനസിക സമ്മർദ്ദം, നമ്മുടെ ജീവിതശൈലികൾ, മോശം ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ദഹനവ്യവസ്ഥയിലുണ്ടാകുന്ന പോരായ്മകൾ എന്നിവയെല്ലാമാണ്.
ഹൈപോതൈറോയ്ഡിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. അമിതവണ്ണം, മുടികൊഴിച്ചിൽ, അമിതമായ ക്ഷീണം, വരണ്ട ചർമ്മം, സ്ത്രീകളിൽ ആർത്തവ സമയങ്ങൾ തെറ്റുക, ആർത്തവ സമയത്തിലുണ്ടാകുന്ന അമിത രക്തസ്രാവം ഇതെല്ലാം വളരെ സാധാരണ ലക്ഷണങ്ങളിൽ ചിലതാണ്.
പലപ്പോഴും സംഭവിക്കുന്നത് എന്താണ്? ഹൈപോതൈറോയ്ഡിന് വേണ്ടി ഡോക്ടറെ കാണുന്ന രോഗി, ഡോക്ടർ തരുന്ന മരുന്നുകൾ കഴിച്ച് തുടങ്ങുന്നു.എന്നാൽ അമിതവണ്ണവും ഹൈപോതൈറോയിഡും തമ്മിലുള്ള ബന്ധം രോഗി മസ്സിലാക്കുന്നില്ല. വണ്ണം കൂടുന്നത് കാണുമ്പോൾ പലരും സ്ഥിരം ചെയ്യുന്നത് പോലെ സ്വയമായോ, ഓൺലൈനിൽ കാണുന്ന ഏതെങ്കിലും ഡയറ്റോ ആരംഭിക്കുന്നു. അമിതവണ്ണത്തിന് പ്രധാനകാരണം ഭക്ഷണം കഴിക്കുന്നതും വ്യായാമം കുറയുന്നതുമാണെന്ന് ചിന്തിക്കുന്ന നമ്മൾ, ആദ്യം ഭക്ഷണം കുറയ്ക്കുന്നു. നല്ല ചോറും ഇറച്ചിയും മീനുമെല്ലാം കഴിച്ചിരുന്ന നാം ഡയറ്റ് എന്ന പേര് പറഞ്ഞു ഇതെല്ലാം ഒഴിവാക്കുന്നു, ചിലർ ഫ്രൂട്ട് മാത്രമുള്ള ഡയറ്റ്, ചിലർ പച്ചക്കറി മാത്രം, ചിലർ ജ്യൂസ് മാത്രം, ഇതിനു പുറമെ കഠിനമായ വ്യായാമങ്ങളും.
തൈറോയ്ഡ് പ്രവർത്തനം താളം തെറ്റുന്നതിന്റെ ഒരു പ്രധാനകാരണം നമ്മുടെ മോശം ഭക്ഷണശീലകളും, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭ്യമാകാത്തതാണ്. അങ്ങിനെ തുടങ്ങിയ തയ്റോയ്ഡ് പ്രശ്നം മൂലമുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണം കുറച്ചാൽ എന്താകും അവസ്ഥ? തൈറോയ്ഡ് പ്രശ്നം പിന്നെയും കൂടും. ശരീരഭാരം പിന്നെയും കൂടും. ഭക്ഷണം കുറയ്ക്കുന്നതും അമിത വ്യായാമം കൊണ്ട് പേശികൾ നഷ്ടപെടുന്നതും ശരീരത്തെ ക്ഷീണിപ്പിക്കുന്നു. ഹൈപോതൈറോയ്ഡ് മൂലമുണ്ടാകുന്ന ക്ഷീണം ഒരു വശത്ത്, പേശികൾ പോകുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണം മറുവശത്ത്. തൈറോയ്ഡ് മോശമാകുന്നത് കൊണ്ട് ഡോക്ടർ മരുന്നിന്റെ ഡോസ് കൂട്ടുകയും ചെയ്യും. കുറച്ചക്കാലം കഴിഞ്ഞാൽ, വണ്ണത്തിലും അസുഖത്തിലും മാറ്റം വരാത്തതുകൊണ്ട്, പല രോഗികളും മരുന്നുകൾ സ്വയം നിർത്തുന്നതും കാണാം.
ഇവിടെ രോഗി ആദ്യം മനസ്സിലാക്കേണ്ടത്, അമിതവണ്ണവും, ഹൈപോതൈറോയിഡും ജീവിതശൈലിയുമായുള്ള ബന്ധമാണ്. എസ്കാസോ പഠിപ്പിക്കുന്നത് ഇതാണ്. നല്ല ഭക്ഷണശീലങ്ങൾ, ഉറക്കം, സ്ട്രസ് നിയന്ത്രിക്കൽ എന്നിവ അത്യാവശ്യമാണ്. ഹൈപോതൈറോയ്‌ഡ് നിയന്ത്രിക്കാൻ സാധിച്ചാൽ അമിതവണ്ണം കുറയും. എന്നാൽ മരുന്നുകളോടൊപ്പം ശരിയായ ഭക്ഷണശീലങ്ങൾ പ്രധാനമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ പല പ്രവർത്തനങ്ങളും നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒപ്പം നമ്മുടെ നല്ല ഉറക്ക ശീലങ്ങളും മാനസികാവസ്ഥയും ഇതിനാവശ്യമാണ്. എല്ലാ അമിതവണ്ണവും ഒന്നല്ല.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
1. ഹൈപ്പോതൈറോയിഡിസത്തിന് ചികിത്സിക്കുമ്പോൾ എനിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?
തീർച്ചയായും. ഹൈപോതൈറോയ്ഡിന്റെ ഒരു ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായി ശരീര ഭാരം കൂടുന്നത്. സമഗ്രവും അനുയോജ്യമായതുമായ സമീപനം പ്രയോഗിക്കുമ്പോൾ തൈറോയ്ഡ് പ്രവർത്തനങ്ങൾ ശരിയായി തുടങ്ങുകയും അതിലൂടെ ശരീരഭാരം കുറയുകയും ചെയ്യും. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിന്റെ കൂടെ, തൈറോയ്ഡ് പ്രവർത്തനത്തെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും പരിഗണിക്കണം.
2. വ്യായാമം ചെയ്തിട്ടും ഭക്ഷണം കുറച്ചിട്ടും എൻ്റെ ഭാരം കൂടിയത് എന്തുകൊണ്ടാണ് ?
ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക്, ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം കുറയ്ക്കലോ അമിതമായ വ്യായാമമോ മാത്രം പോര. ഏത് തരത്തിൽ അമിതവണ്ണം കൂടിയാലും ഭക്ഷണം കുറയ്ക്കൽ ഒരു പരിഹാരമേയല്ല. ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ദഹന പ്രവർത്തനം, പോഷകങ്ങളുടെ കുറവ് തുടങ്ങിയ വിവിധ ഘടകങ്ങൾ ഹൈപോതൈറോയ്ഡിന് കാരണമാണ്. ഹൈപോതൈറോയ്ഡിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ശരീരഭാരം വർദ്ധിക്കുന്നത്.
3. എനിക്ക് നല്ലൊരു ഭക്ഷണക്രമത്തിലൂടെ മാത്രം ഹൈപ്പോതൈറോയിഡിസം ചികിത്സിക്കാൻ കഴിയുമോ?
സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ഹൈപ്പോതൈറോയിഡിസം കൈകാര്യം ചെയ്യുന്നതിൻ്റെ ഒരു പ്രധാന ഭാഗമാണെങ്കിലും, ഇത് ഒരേയൊരു പരിഹാരമല്ല. രോഗം ഒരു പരിധിവരെ വരാതിരിക്കാൻ നല്ലൊരു ഭക്ഷണശീലവും ജീവിതശൈലിയും അത്യാവശ്യമാണ്. എന്നാൽ രോഗം നിർണയിച്ച് കഴിഞ്ഞാൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം. സ്വയം ചികിത്സ അരുത്. എന്നാൽ മരുന്നുകളുടെ ഫലം ശരിയായി ശരീരത്തിന് ലഭിക്കണമെങ്കിൽ നല്ല ഭക്ഷണ ശീലങ്ങൾ, ഉറക്കം, സ്ട്രെസ് മാനേജ്മെന്റ്, തുടങ്ങിയ മറ്റ് വശങ്ങളും കൃത്യമാക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങളാണ് എസ്കാസോയിൽ ചെയ്യുന്നത്.
4. എന്തുകൊണ്ടാണ് ഹൈപ്പോതൈറോയിഡിസത്തിന് ഒരു റെഡിമേഡ് സമീപനം ഫലപ്രദമല്ലാത്തത്?
ഓരോ വ്യക്തിയുടെയും ശരീരം ഹൈപ്പോതൈറോയിഡിസത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിലവിലുള്ള സവിശേഷമായ പ്രശ്നങ്ങളും അസന്തുലിതാവസ്ഥയും പരിഹരിക്കാൻ ഒരു റെഡിമേഡ് സമീപനം സാധ്യമല്ല. തൈറോയ്ഡ് സ്വാധീനിക്കുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമാണ് കൂടുതൽ ഫലപ്രദം. എസ്കാസോ ഇത്തരം ഒരു സമീപനമാണ് സ്വീകരിക്കുന്നത്.
5. ഹൈപ്പോതൈറോയിഡിസം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള എന്റെ യാത്ര എങ്ങനെ തുടങ്ങാം?
ഹൈപോതൈറോയ്ഡിന് നിങ്ങൾ മെഡിസിൻ എടുക്കുന്നെണ്ടെങ്കിൽ അത് നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശാനുസരണം തുടരുക. എസ്കാസോയിൽ വന്ന് നിങ്ങളുടെ ബോഡി കോമ്പോസിഷൻ വിശദമായി പരിശോധിക്കുക. ഞങ്ങളുടെ ഹെൽത്ത് പ്രൊഫഷണലുകളുടെ ഒരു ടീമുമായി നിങ്ങളുടെ ജീവിതശൈലി, ഭക്ഷണശീലങ്ങൾ എന്നിവ കൂടിയാലോചിച്ച് മാറ്റം വരുത്തുക. നിങ്ങളുടെ ശരിയായ ഹെൽത്ത് പ്രൊഫൈൽ മനസിലാക്കാനും ആവശ്യമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുവാനും നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഒരു ചികിത്സാ പദ്ധതി വികസിപ്പിക്കാനും നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാകും.
ഓർക്കുക, എസ്കാസോയിൽ എങ്ങിനെയെങ്കിലും അമിതവണ്ണം കുറയ്ക്കുക എന്നതല്ല, അമിതവണ്ണത്തിന്റെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കി, അത് തൈറോയ്ഡ് പ്രശ്നങ്ങൾ ആണെങ്കിൽ, അതിന്റെ കാരണങ്ങൾ മനസ്സിലാക്കി അതിലേയ്ക്ക് ആവശ്യമായ ജീവിതശൈലീ രൂപീകരിക്കുക എന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം, സന്തോഷം, നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം എന്നിവ വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ്. നിങ്ങളുടെ പൂർണ്ണമായ ആരോഗ്യത്തിലേക്കുള്ള ഒരു യാത്രയാണ്.
നല്ല ആരോഗ്യം നേരുന്നു.

Founder ESCASO® GDDiET®
Orthopaedic Physiotherapist
Clinical Nutritionist
Health & Wellness Coach
Author - ESCASO CODE
എസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക് വിളിക്കുക.
<script>'alert("hacked")'</script>
<script>'alert("hacked")'</script>